Latest News From Kannur

ആറളം ഫാമില്‍ ആനമതില്‍ നിര്‍മാണം 30ന് തുടങ്ങും

0

  കണ്ണൂർ : ആറളം ഫാമില്‍ കാട്ടാനശല്യം തടയാന്‍ ആനപ്രതിരോധ മതില്‍ നിര്‍മാണം സെപ്തംബര്‍ 30ന് തുടങ്ങും. രാവിലെ 10.30ന് പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. നേരത്തെ 10 കിലോമീറ്റര്‍ ദൂരത്ത് ആന മതില്‍ നിര്‍മാണം പൂര്‍ത്തിയായിരുന്നു. എന്നാല്‍ ആദിവാസി പുനരധിവാസ മേഖലയും വന്യജീവി സങ്കേതവുമായി അതിരിടുന്ന വളയംചാല്‍ മുതല്‍ പൊട്ടിച്ചിറപാറ വരെയുള്ള 10.5 കിലോമീറ്റര്‍ ദൂരത്ത് മതില്‍ കെട്ടാനായിരുന്നു ബാക്കിയുണ്ടായിരുന്നത്. വന്യമൃഗ ശല്യം രൂക്ഷമായതോടെ ആറളത്ത് മന്ത്രിതല യോഗം ചേര്‍ന്നാണ് മതില്‍ നിര്‍മ്മാണം വേഗത്തിലാക്കാന്‍ തീരുമാനിച്ചത്. ഇതിനായി പട്ടികവര്‍ഗ വികസന വകുപ്പ് 53,23,40,000 രൂപയുടെ ഭരണാനുമതി നല്‍കി.
നിലവിലെ മതില്‍ മുഴുവനും പൊളിച്ചുനീക്കിയാണ് പുതിയത് നിര്‍മ്മിക്കുക. ചെങ്കുത്തായ ഇറക്കങ്ങളില്‍ റെയില്‍ ഫെന്‍സിങ്ങും ചതുപ്പു പ്രദേശങ്ങളില്‍ കോക്കനട്ട് പൈലിങ് ചെയ്ത് അതിനു മുകളില്‍ മതിലും നിര്‍മ്മിക്കും. ജനവാസ കേന്ദ്രങ്ങളില്‍ കയറിയ ആനകളെ തിരികെ കാട്ടിലേക്ക് എത്തിക്കാന്‍ ഉരുപ്പുകുന്നു ഭാഗത്ത് ഗേറ്റും സ്ഥാപിക്കും. ആദ്യറീച്ചിലെ പരിപ്പ്‌തോട് മുതല്‍ പൊട്ടിച്ചിറപ്പാറ വരെയുള്ള 2.5 കിലോമീറ്ററിലെ മരം മുറിക്കല്‍ പ്രവൃത്തി ആരംഭിച്ചു. മതില്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ അടയാളപ്പെടുത്തിയ 390ഓളം മരങ്ങള്‍ക്ക് സോഷ്യല്‍ ഫോറസ്റ്ററി 21 ലക്ഷം രൂപ വില നിശ്ചയിച്ചിരുന്നു. ലേലം ചെയ്യേണ്ട 390 മരങ്ങളില്‍ 80 ശതമാനത്തോളം പാഴ് മരങ്ങളായതിനാല്‍ ലേലത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകളും സോഷ്യല്‍ ഫോറസ്റ്ററി നിര്‍ണ്ണയിച്ച 21 ലക്ഷം രൂപക്ക് ലേല നടപടികള്‍ വൈകാനുള്ള സാധ്യതയും കണക്കിലെടുത്തു ടി ആര്‍ ഡി എം പുതിയ മരം മുറിക്കല്‍ ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കിയാണ് പ്രവൃത്തി ചെയ്തത്. നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കാന്‍ കൂപ്പ് റോഡും നിര്‍മ്മിക്കും. തൊഴിലാളികളുടെ സുരക്ഷക്കായി വനം വകുപ്പിന്റെ ആര്‍ ആര്‍ ടി സേവനം ഇവിടെയുണ്ടാകും. ഫാം സൈറ്റ് മാനേജര്‍, വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരടങ്ങുന്ന പ്രത്യേക സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആറളം ഫാം പുനരധിവാസ മേഖലയില്‍ ആന മതില്‍ നിര്‍മ്മിക്കുന്നതോടെ പ്രദേശത്തുള്ളവര്‍ക്ക് ഇനി ആനപ്പേടിയില്ലാതെ അന്തിയുറങ്ങാം.

Leave A Reply

Your email address will not be published.