Latest News From Kannur

മാഹി പാലത്തിൻ്റെ അറ്റകുറ്റപ്പണി നടത്തുന്നത് വരെ ഗതാഗത നിയന്ത്രണം വേണം: മയ്യഴിക്കൂട്ടം ഹൈക്കോടതിയിലേക്ക്

0

മാഹി : ഏറെ പഴക്കം ചെന്ന അപകടാവസ്ഥയിലുള്ള മാഹി പാലം ശാസ്ത്രീയമായി അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് മയ്യഴിക്കാരായ പ്രവാസികളുടെ കൂട്ടായ്മ മയ്യഴിക്കൂട്ടം കേരള ഹൈക്കോടതിയിലേക്ക്. മാഹി പാലത്തിൻ്റെ മേൽ ഭാഗത്തിൻ്റെ മിക്കയിടങ്ങളും പൊട്ടിപൊളിഞ്ഞ് വലിയ ഗർത്തങ്ങളും കുണ്ടും കുഴികളും നിറഞ്ഞതിനാൽ ഗതാഗതപ്രശ്നങ്ങൾ രൂക്ഷമായിട്ടും അധികൃതർ നടപടികളൊന്നും സ്വീകരിക്കുന്നില്ല. കണ്ണൂർ – കോടിക്കോട് ജില്ലകൾക്കിടയിലെ അതിർത്തി പങ്കിടുന്നതാണ് ഒന്നര കിലോമീറ്ററോളമുള്ള പ്രദേശമാണ് മാഹി ദേശീയപാത. കണ്ണൂർ ജില്ലയുടെ പ്രവേശന കവാടത്തിൽ മാഹിയോട് ചേർന്ന് കിടക്കുന്ന മാഹി പാലത്തോട് വർഷങ്ങളായി അധികൃതർ അവഗണന കാണിക്കുകയാണ്. മഴക്കാലത്ത് മാഹി പാലത്തിലെ തകർച്ച രൂക്ഷമാകുകയും ഗതാഗതം തടസ്സപ്പെടുകയുമാണ് ചെയ്യുന്നത്. പരാതികളും പരിദേവനങ്ങളും സമരങ്ങളും മാധ്യമ വാർത്തകളുമൊക്കെ അധികൃതർ അവഗണിക്കുകയാണ്. വാഹനങ്ങൾ ഇഴഞ്ഞിഴഞ്ഞ് പോകുന്നത് കാരണം മാഹി കടക്കുക ശ്രമകരമാണ്. രോഗികളുമായി പോകുന്ന വാഹനങ്ങളും ആംബുലൻസുകളും ഗതാഗതക്കുരുക്കിൽപ്പെട്ട് വലയുകയാണ്. മാഹിപ്പാലം അറ്റകുറ്റപ്പണി നടത്താൻ തലശ്ശേരി-മാഹി ബൈപ്പാസ് പ്രവൃത്തി തീരുന്നത് വരെ കാത്തിരിക്കണമെന്ന അധികൃതരുടെ നിലപാട് ജനങ്ങളെ വെല്ലുവിളിക്കലാണ്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം, സുരക്ഷ എന്നിവ സംരക്ഷിക്കപ്പെടണം. അധികൃതർ അവരുടെ കടമയും ഉത്തരവാദിത്തവും നിർവ്വഹിക്കാതിരിക്കുമ്പോഴാണ് ജനങ്ങൾക്ക് കോടതിയെ ആശ്രയിക്കേണ്ടി വരുന്നത്.

പാലം ശാസത്രീയമായി അറ്റകുറ്റപ്പണി നടത്തുന്നത് വരെയോ തലശ്ശേരി മാഹി ബൈപ്പാസ് തുറന്ന് കൊടുക്കുന്നത് വരെയോ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ടാങ്കര്‍ ലോറികൾ ഉൾപ്പെടെ ഗതാഗതക്കുരുക്കിന് കാരണമാകുന്ന ഭാരമേറിയതും നീളം ഏറെയുള്ളതുമായ വലിയ വാഹനങ്ങൾ മാഹിപ്പാലം വഴി കടന്ന് പോകുന്നത് നിയന്ത്രിക്കുക. പകരം ഈ വിഭാഗത്തിലുള്ള വാഹനങ്ങൾ തലശേരിയിൽ നിന്നും സൈദാർ പള്ളി, പള്ളൂർ, ചൊക്ലി, കാഞ്ഞിരത്തിൻ കീഴിൽ, മത്തിപ്പറമ്പ്, മോന്താൽ റോഡ് വഴി കുഞ്ഞിപ്പള്ളിയിലേക്ക് കടത്തിവിട്ട് മാഹി പാലത്തിലെ തിരക്ക് കുറച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്നും ജനങ്ങൾക്ക് സുരക്ഷ ഉറപ്പ് വരുത്തണമെന്നുമാണ് ആവശ്യം. ബൈപ്പാസിൽ ഒളവിലം പാത്തിക്കലിൽ നിർമ്മിച്ച പാലം മാഹി പാലത്തിന് പകരമാവില്ല. അതിനാൽ അപകടാവസ്ഥയിലുള്ള പാലത്തിന് പകരം ഇതിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. സുപ്രീം കോടതി അഭിഭാഷകൻ മനോജ് വി. ജോർജ് മുഖേനയാന്ന് കേരള ഹൈക്കോടതിയിൽ പൊതു താല്പര്യ ഹർജി ഫയൽ ചെയ്യുന്നതെന്ന് മയ്യഴിക്കൂട്ടം ജനറൽ സെക്രട്ടറി ഒ.വി.ജിനോസ് ബഷീർ അറിയിച്ചു. ചൊവ്വാഴ്ച ഹർജി ഫയൽ ചെയ്യും.

Leave A Reply

Your email address will not be published.