Latest News From Kannur

അഭ്യൂഹങ്ങള്‍ക്കു വിട; പാര്‍ലമെന്റ് സമ്മേളന അജണ്ട പുറത്ത്‌

0

ന്യൂഡൽഹി: പാർലമെന്റിന്റെ അടുത്തയാഴ്ച ചേരുന്ന പ്രത്യേക സമ്മേളനത്തിന്റെ അജണ്ട പുറത്തു വിട്ടു. പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രവും പ്രാധാന്യവും ഇരുസഭകളും ചർച്ച ചെയ്യും. കൂടാതെ തെരഞ്ഞെടുപ്പു കമ്മിഷൻ നിയമന ബിൽ അടക്കം നാലു ബില്ലുകളും പ്രത്യേക സമ്മേളനം പരി​ഗണിക്കും. രാജ്യസഭയുടെയും ലോക്സഭയുടെയും സെക്രട്ടേറിയറ്റുകൾ പുറത്തുവിട്ട ബുള്ളറ്റിനിലാണ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമന ബില്‍ ( നിയമനം-സേവന നിബന്ധനകള്‍-കാലാവധി), പോസ്റ്റ് ഓഫീസ് ബില്‍, അഡ്വക്കേറ്റ്‌സ് ഭേദഗതി ബില്‍, പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ബില്‍ എന്നിവയാണ് പ്രത്യേക സമ്മേളനത്തില്‍ പരിഗണനയ്ക്ക് വരുന്ന ബില്ലുകള്‍. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുന്നത്. നേരത്തെ പ്രത്യേക സമ്മേളനം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിച്ചിരുന്നത്. രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതു മാറ്റി ഭാരത് എന്നാക്കുന്നതിനു വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്‍രെ പ്രത്യേക സമ്മേളനം വിളിച്ചതെന്നായിരുന്നു ഒരു അഭ്യൂഹം. ഒറ്റ രാജ്യം-ഒറ്റ തെരഞ്ഞെടുപ്പ് ബില്‍ കൊണ്ടു വരാനാണെന്നായിരുന്നു മറ്റൊരു അഭ്യൂഹം. ഏക സിവില്‍ കോഡ്, വനിതാ സംവരണ ബില്‍ തുടങ്ങിയ അവതരിപ്പിക്കാന്‍ വേണ്ടിയാണ് പ്രത്യേക സമ്മേളനം വിളിച്ചതെന്നും പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. മഹാരാഷ്ട്രയെ വിഭജിക്കാനാണ് പ്രത്യേക സമ്മേളനം കൂടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളെയും ആരോപിച്ചിരുന്നു. അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ, അജണ്ട വ്യക്തമാക്കണമെന്ന് കാട്ടി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി പ്രധാനമന്ത്രിക്ക് കത്തും നല്‍കിയിരുന്നു.

Leave A Reply

Your email address will not be published.