മാഹി: കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ മാഹിയിലെ വിവിധ പ്രദേശങ്ങൾ ഭാഗികമായി വെള്ളത്തിനടിയിലായി.
മൂലക്കടവ്, പളളൂർ, ചാലക്കര പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. മൂലക്കടവിൽ ഗവ.എൽ.പി.സ്കൂളിൽ ദുരിതാശ്വ ക്യാമ്പ് ആരംഭിച്ചു. മൂലക്കടവിൽ നിരവധി കുടുംബങ്ങളെ തോണിയിലാണ് വീടുകളിൽ നിന്നും രക്ഷപ്പെടുത്തിയത്. മിക്ക വീടുകളും വെള്ള കയറിയിരുന്നു. ഒരു കുടുംബത്തിലെ 9 ഓളം പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ തങ്ങിയിരിക്കയാണ്. മറ്റു കുടുംബങ്ങളെ അവരുടെ ബന്ധുവീടുകളിലും മറ്റുമായി സുരക്ഷിതമായി മാറ്റിയിരിക്കയാണ്.
പള്ളൂർ കമ്മ്യൂണിറ്റി ഹാൾ മുതൽ അറവിലത്തു പാലം വരെയുള്ള പ്രദേശം പൂർണ്ണമായും വെള്ളം കയറി. ഇവിടെ 6 ഓളം കുടുംബങ്ങളെ ബന്ധുവീട്ടുകളിലേക്ക് മാറ്റിയിരിക്കയാണ്.
ചാലക്കര വയൽ പ്രദേശങ്ങളിലും വെള്ളം പ്പൊക്കം രൂക്ഷമായിരുന്നു. ചാലക്കര – പൂന്നോൽ റോഡിലും പരിസരത്തെ വീടുകളിലും വെള്ളം കയറിയത് ഭീതി പരത്തി. ചാലക്കര മഠം ഗ്യാസ് ഗോഡൗൺ റോഡിലും വെള്ളം കയറി. ഇവിടങ്ങളിലെല്ലാം തന്നെ വാഹന ഗതാഗതം പൂർണ്ണമായും സ്തംഭിച്ചിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് കനത്ത മഴയെ തുടർന്ന് ഇവിടങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായത്. പോലീസ്, ഫയർഫോഴ്സ്, റവന്യു, ഫിഷറീസ് വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് മയ്യഴി ഭരണകൂടം 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂ ആരംഭിച്ചിട്ടുണ്ട്. മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ സംഭവസ്ഥലം സന്ദർശിച്ചു. ഡെപ്യൂട്ടി തഹസിൽമാരായ പി.പി.ഷൈജു, മനോജ് വളവിൽ, റവന്യു ഇൻസ്പെക്ടർ അനീഷ്, വില്ലേജ് ഓഫീസർ ബൈജു ഫിഷറീസ് സബ്ബ് ഇൻസ്പെക്ടർ ശിവകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഇന്നലെ ഉച്ചയോടു കൂടി മഴ കുറഞ്ഞതോടെ പ്രദേശങ്ങളിൽ വെള്ളക്കെട്ട് കുറഞ്ഞിട്ടുണ്ട്. കാറ്റിലും മഴയിലും പലയിടങ്ങളിലും മതിലുകൾ തകരുകയും മരം കടപുഴകി വീണ് വീടുകൾ തകരുകയും ചെയ്തിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.