കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ ഗാബൂളിലെ ഗുരുദ്വാരയ്ക്കുള്ളില്‍ ഭീകരാക്രമണം. കാര്‍ത്തെ പര്‍വാന്‍ ഗുരുദ്വാരയില്‍ അതിക്രമിച്ച് കടന്ന ഭീകരര്‍ കാരണമൊന്നുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുദ്വാരയില്‍ ഒന്നിലധികം സ്ഫോടനങ്ങള്‍ നടന്നതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ആക്രമണത്തില്‍ ഗുരുദ്വാരയിലെ ഒരു സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിനു പിന്നില്‍ ഐഎസ് ഭീകരരാണെന്നാണ് സൂചന.
സുരക്ഷാ സേന പ്രദേശം വളഞ്ഞ് ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഗുരുദ്വാരയ്ക്കുള്ളിലുണ്ടായിരുന്ന സിഖ് വംശജര്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഏതാനും പേർ ഗുരുദ്വാരയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ഗുരുദ്വാര ആക്രമണത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സംഭവവികാസങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
2020-ലെ ഗുരുദ്വാര ആക്രമണത്തിന് സമാനമായ സംഭവം ആവര്‍ത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി ഖൊറാസാന്‍ പ്രവിശ്യയിലുള്ള ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മാധ്യമ വിഭാഗം വീഡിയോ പുറത്തുവിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോഴത്തെ ആക്രമണം ഉണ്ടായിരിക്കുന്നത്. 2020 മാര്‍ച്ചില്‍, കാബൂളിലെ ഷോര്‍ട്ട് ബസാര്‍ ഏരിയയിലെ ശ്രീ ഗുരു ഹര്‍ റായ് സാഹിബ് ഗുരുദ്വാരയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ 27 സിഖുകാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.