ശബരിമല: ശബരിമല പതിനെട്ടാംപടിയിലെ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്ത 23 പൊലീസുകാരെ നല്ലനടപ്പിനു ശിക്ഷിച്ചു. നല്ലനടപ്പുപരിശീലനത്തിന് അയക്കാന്‍ എ.ഡി.ജി.പി എസ്. ശ്രീജിത്താണ് നിര്‍ദേശം നല്‍കിയത്. കണ്ണൂര്‍ നാലാം ബറ്റാലിയനിലാണ് പരിശീലനം.
എസ്.എ.പി. ക്യാമ്പിലെ 23 പൊലീസുകാരാണ് നടയടച്ചശേഷം പതിനെട്ടാംപടിയുടെ താഴെ മുതല്‍ മുകളില്‍വരെ വരിവരിയായി നിന്ന് ഫോട്ടോയെടുത്തത്. സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ പ്രചരിച്ചതോടെ ഹൈക്കോടതി വിശദീകരണം തേടി. ശബരിമലയുടെ സുരക്ഷാചുമതലയുള്ള എ.ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ നിര്‍ദ്ദേശപ്രകാരം സന്നിധാനം പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ പൊലീസുകാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. വ്യാഴാഴ്ച ഹൈക്കോടതിയില്‍ എ.ഡി.ജി.പി. വിശദീകരണം നല്‍കുമെന്ന് സര്‍ക്കാര് അറിയിച്ചു. ആചാര ലംഘനമാണെന്ന് അറിയില്ലായിരുന്നെന്നാണ് പൊലീസുകാരുടെ വിശദീകരണം
തീര്‍ഥാടകരെ പതിനെട്ടാംപടി കയറ്റുന്നതിനു നല്ലനിലയില്‍ പ്രവര്‍ത്തിച്ച പൊലീസ് സംഘമാണ് ഇവരെങ്കിലും ഇത്തരം ഫോട്ടോ ഷൂട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് എ.ഡി.ജി.പി. പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് അച്ചടക്ക നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഫോട്ടോ എടുത്ത പൊലീസ് ഫോട്ടോഗ്രഫറെയും തിരിച്ചു വിളിച്ചു. പതിനെട്ടാംപടിയില്‍ പൊലീസുകാര്‍ ഫോട്ടോഷൂട്ട് നടത്തിയതില്‍ ദേവസ്വം ബോര്‍ഡ് എ.ഡി.ജി.പിയെ അതൃപ്തി അറിയിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാന്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു.
ശബരിമലയില്‍ മൊബൈല്‍ ഫോണടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ നിയന്ത്രണം ശക്തമാക്കാന്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമായതിന് പിന്നാലെയാണ് നടപടി. ഇനി മുതല്‍ മൊബൈല്‍ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ പൊലീസ് ഉള്‍പ്പെടെ ആരെയും അനുവദിക്കില്ല. മേലേ തിരുമുറ്റം, സോപാനം, മേല്‍പാലം, മാളികപ്പുറം ഭാഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ പൂര്‍ണമായും വിലക്കും.അതേ സമയം ചടങ്ങുകള്‍ ചിത്രീകരിക്കുന്നതിനും ചിത്രങ്ങളെടുക്കുന്നതിനും മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടാകില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.