Latest News From Kannur

പയ്യന്നൂരിലെ മുതിര്‍ന്ന സി.പി.എം. നേതാവായ വി.കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി പുകയുന്നു

0

കണ്ണൂര്‍: പയ്യന്നൂരിലെ മുതിര്‍ന്ന സി.പി.എം. നേതാവായ വി.കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി പുകയുന്നു. സി.പി.എം. പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയിലെ ഫണ്ട് തിരിമറി വിവാദത്തിലാണ് ഇക്കാര്യത്തില്‍ പരാതി ഉന്നയിച്ച വി.കുഞ്ഞികൃഷ്ണനെതിരേയും പാര്‍ട്ടി നടപടിയെടുത്തത്. ഇതോടെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി വി.കുഞ്ഞികൃഷ്ണന്‍ അറിയിച്ചു. മാധ്യമങ്ങളോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും വരുംദിവസങ്ങളില്‍ വേണമെങ്കില്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച രാത്രിവരെ നീണ്ടുനിന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് വി.കുഞ്ഞികൃഷ്ണനെതിരേയും പാര്‍ട്ടി നടപടി സ്വീകരിച്ചത്. വിഭാഗീയത തടയുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കുഞ്ഞികൃഷ്ണനെതിരേ നേരത്തെ ജില്ലാ കമ്മിറ്റി നടപടിക്ക് നിര്‍ദേശിച്ചിരുന്നു. ഫണ്ട് തിരിമറി വിവാദത്തില്‍ ടി.ഐ. മധുസൂദനന്‍ എം.എല്‍.എ. അടക്കം അഞ്ചുപേര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്തു.

പയ്യന്നൂരിലെ പുതിയ ഏരിയ സെക്രട്ടറിയായി മുന്‍ എംഎല്‍എ ടി.വി. രാജേഷിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ വ്യാഴാഴ്ച നടന്ന ഏരിയ കമ്മിറ്റി യോഗത്തില്‍ കുഞ്ഞികൃഷ്ണനെ നീക്കാനുള്ള തീരുമാനത്തെ ഭൂരിപക്ഷം അംഗങ്ങളും എതിര്‍ത്തു.

ജില്ലാ കമ്മിറ്റി സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാനാണ് വ്യാഴാഴ്ച പയ്യന്നൂര്‍ ഏരിയ കമ്മിറ്റി യോഗം ചേര്‍ന്നത്. സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് അന്വേഷണം നടത്തിയവര്‍ ഏരിയ കമ്മിറ്റി യോഗത്തില്‍ നല്‍കിയത്. ധനാപഹരണം നടന്നിട്ടില്ലെന്നും ജാഗ്രതക്കുറവാണ് സംഭവിച്ചിട്ടുള്ളതെന്നുമാണ് മേല്‍ക്കമ്മിറ്റി നേതാക്കള്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതിനെത്തുടര്‍ന്ന് വെട്ടിപ്പ് നടന്നതായി വ്യക്തമാക്കുന്ന കണക്കുകള്‍ വി.കുഞ്ഞികൃഷ്ണന്‍ യോഗത്തില്‍ അവതരിപ്പിച്ചു. വി.കുഞ്ഞികൃഷ്ണനെതിരെയെടുത്ത നടപടിയെ 21 അംഗ കമ്മിറ്റിയിലെ 16 പേരും എതിര്‍ത്തു. എന്നാല്‍ സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെയുള്ള തീരുമാനമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ഇത് അംഗീകരിക്കണമെന്നുമാണ് നേതൃത്വം ഏരിയാ കമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെട്ടത്.

തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, പാര്‍ട്ടി ഓഫീസിനായുള്ള ഫണ്ട് ശേഖരണം തുടങ്ങിയ കാര്യങ്ങളില്‍ ഉയര്‍ന്ന ആരോപണമാണ് പയ്യന്നൂരിലെ പാര്‍ട്ടിയില്‍ വിവാദമുണ്ടാക്കിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടി.ഐ.മധൂസൂദനന്‍ എം.എല്‍.എ.യെ ജില്ലാ സെക്രട്ടേറിയറ്റ് സ്ഥാനത്തുനിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഏരിയാ കമ്മിറ്റി അംഗമായ ടി.വിശ്വനാഥനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയപ്പോള്‍ മറ്റൊരു ഏരിയാകമ്മിറ്റിയംഗം കെ.കെ.ഗംഗാധരന്‍, ഓഫീസ് സെക്രട്ടറിയായിരുന്ന കരുണാകരന്‍, കെ.പി.മധു എന്നിവര്‍ക്കെതിരെയും നടപടിയുണ്ടായി. ജില്ലാ കമ്മിറ്റി യോഗങ്ങളിലെ ചര്‍ച്ചകള്‍ക്കൊടുവില്‍ ആരോപണവിധേയരായ ആറുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി വിശദീകരണം ആവശ്യപ്പെട്ട ശേഷമായിരുന്നു നടപടിയെടുത്തത്.

പ്രതിഷേധം ശക്തം…

ഫണ്ട് തിരിമറിയില്‍ പരാതി ഉന്നയിച്ചതിന് ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതോടെ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി വി.കുഞ്ഞികൃഷ്ണന്‍ പ്രഖ്യാപിക്കുകയായിരുന്നു. വെള്ളൂര്‍ സഹകരണ ബാങ്ക് ഡയറക്ടര്‍ സ്ഥാനവും ഒഴിയുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇതോടെ പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്ന് നേതൃത്വത്തിനെതിരേ കടുത്ത പ്രതിഷേധമുയര്‍ന്നു. പല പ്രവര്‍ത്തകരും പാര്‍ട്ടി തീരുമാനത്തിനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ രംഗത്തെത്തി.

‘അഴിമതി പുരണ്ട അഭിനവ സഖാക്കളെയും ന്യൂജെന്‍ ബ്ലേഡ് സഖാക്കളെയും പടിക്ക് പുറത്താക്കണം, ചോദ്യം ചോദിക്കുന്ന കുട്ടിയെ ടീച്ചര്‍ ക്ലാസില്‍നിന്ന് ഇറക്കിവിട്ടാല്‍ കുട്ടി മാത്രമേ ക്ലാസ് റൂമില്‍നിന്നും പോവുകയുള്ളൂ, ചോദ്യം അവിടെ തന്നെയുണ്ടാകും’ എന്നിങ്ങനെയായിരുന്നു സാമൂഹികമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍. സത്യത്തിനായി നിലകൊണ്ട പയ്യന്നൂരിലെ ധീരനായ നേതാവെന്നാണ് പലരും കുഞ്ഞികൃഷ്ണനെ വിശേഷിപ്പിച്ചിരിക്കുന്നത്.

പയ്യന്നൂരിലെ സി.പി.എം. ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിട നിര്‍മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നീ മൂന്ന് ഫണ്ടുകളില്‍ തിരിമറി നടന്നതായിട്ടായിരുന്നു വി. കുഞ്ഞികൃഷ്ണന്റെ പരാതി. എം.എല്‍.എ. മധുസൂദനന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് അടക്കമാണ് വി.കുഞ്ഞികൃഷ്ണന്‍ സംഭവത്തില്‍ പരാതി ഉന്നയിച്ചിരുന്നതെന്നാണ് സൂചന. വ്യാഴാഴ്ച നടന്ന ഏരിയ കമ്മിറ്റി യോഗത്തിലും ഇതേ രേഖകള്‍ ഇദ്ദേഹം അവതരിപ്പിച്ചതായും സൂചനകളുണ്ട്.

തെറ്റ് ചൂണ്ടിക്കാണിക്കുന്നവര്‍ക്കെതിരേ നടപടി മുമ്പും

പരാതി ഉന്നയിച്ചവര്‍ക്കെതിരേ തന്നെ നടപടി സ്വീകരിക്കുന്നത് സി.പി.എമ്മില്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. പി. ശശി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ അദ്ദേഹത്തിനെതിരേ പരാതി ഉന്നയിച്ച സി.കെ.പി. പത്മനാഭനെതിരേ സി.പി.എം. പിന്നീട് നടപടി സ്വീകരിച്ചത് ഏറെ വിവാദമായിരുന്നു. കര്‍ഷകസംഘത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് സി.കെ.പി. പത്മനാഭനെ പാര്‍ട്ടിയുടെ എല്ലാവിധ പദവികളില്‍നിന്നും നീക്കംചെയ്തത്. പി. ശശിക്കെതിരായ പരാതിക്ക് പിന്നാലെ തളിപ്പറമ്പ് എം.എല്‍.എ.യായിരുന്ന സി.കെ.പി.ക്ക് തളിപ്പറമ്പില്‍നിന്ന് സീറ്റ് നിഷേധിക്കുകയും ചെയ്തു. പി. ശശി പിന്നീട് പാർട്ടി സ്ഥാനങ്ങളിലേക്ക് തിരികെ വന്നെങ്കിലും സി.കെ.പി. പത്മനാഭന്‍റെ കാര്യത്തില്‍ അതുണ്ടായില്ല.

എറണാകുളം ജില്ലാ കമ്മിറ്റിയിലെ ഒളിക്യാമറ വിവാദത്തിലും പരാതി ഉന്നയിച്ച ആള്‍ക്കെതിരേ നടപടിയുണ്ടായി. ഓഫീസില്‍വെച്ച് അസാന്മാർഗിക പെരുമാറ്റമുണ്ടായതായി ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരെ പരാതി നല്‍കിയ കെ.എ. ചാക്കോച്ചനെതിരേയാണ് പാര്‍ട്ടി അന്ന് നടപടി സ്വീകരിച്ചത്. വിഭാഗീയതയുടെ ഭാഗമായാണ് ഓഫീസില്‍ ഒളിക്യാമറ വെച്ചതെന്നായിരുന്നു അന്ന് പാര്‍ട്ടിയുടെ വിശദീകരണം.

തിരുവനന്തപുരത്ത് പാർട്ടി പത്രത്തിന്‍റെ യൂണിറ്റ് മാനേജര്‍ക്കെതിരേയുള്ള സ്ത്രീയുടെ പീഡന പരാതിയിലും പരാതി ഉന്നയിച്ച നേതാവിനെതിരെയാണ് നടപടിയുണ്ടായത്. സ്ത്രീയുടെ പരാതി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ സംസ്ഥാന സമിതി അംഗം ജെ.മേഴ്‌സിക്കുട്ടിയമ്മയെ പാര്‍ട്ടി താക്കീത് ചെയ്തു. വിഭാഗീയതയായിരുന്നു പരാതിക്ക് കാരണമെന്നായിരുന്നു ആരോപണം. പീഡന പരാതി കെട്ടിച്ചമച്ചതാണെന്ന് പി.കെ. ശ്രീമതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.