കൂടുതല്‍ ജോലി ഒഴിവുകള്‍ക്ക് സംവരണം; കോസ്റ്റ് ഗാര്‍ഡിലും അവസരം; പ്രതിഷേധം തണുപ്പിക്കാന്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്രം
ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം തണുപ്പിക്കാനായി കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. അഗ്നിപഥ് പദ്ധതിയില്‍ നാലുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കുന്ന അഗ്നിവീര്‍മാര്‍ക്ക് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ജോലി ഒഴിവുകള്‍ക്കും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തും.
കോസ്റ്റ് ഗാര്‍ഡ്, പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും അഗ്നിവീര്‍മാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തും. പ്രതിരോധമേഖലയിലെ 16 സ്ഥാപനങ്ങളില്‍ സംവരണാനുകൂല്യം ലഭിക്കും. ഇതുസംബന്ധിച്ച നിര്‍ദേശത്തിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അംഗീകാരം നല്‍കി.
നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേന്ദ്ര പൊലീസ് സേനകളില്‍ അഗ്നിവീര്‍മാര്‍ക്ക് ജോലിക്ക് സംവരണം പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര അര്‍ധസൈനിക വിഭാഗങ്ങളില്‍ 10 ശതമാനം സംവരണം നൽകുമെന്നാണ് പ്രഖ്യാപിച്ചത്. അസം റൈഫിള്‍സിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തും.
അഗ്നിവീര്‍ അംഗങ്ങള്‍ക്ക് നിയമനങ്ങളില്‍ പ്രായപരിധിയിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യബാച്ചിൽ പെട്ടവർക്ക് പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തിന്റെ ഇളവാണ് നല്‍കുക. അടുത്ത വര്‍ഷം മുതല്‍ പ്രായപരിധിയില്‍ മൂന്ന് വര്‍ഷം ഇളവ് നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതേസമയം അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം രാജ്യത്ത് തുടരുകയാണ്.