പുതുവർഷ പുലരിയിൽ തലസ്ഥാനത്ത് വൻ ലഹരിവേട്ട: ഡോക്ടറും ബിഡിഎസ് വിദ്യാർത്ഥിനിയും ഉൾപ്പെടെ ഏഴുപേർ പിടിയിൽ
തിരുവനന്തപുരം : പുതുവർഷ പുലരിയിൽ തലസ്ഥാന നഗരത്തെ ഞെട്ടിച്ച് വൻ ലഹരിമരുന്ന് വേട്ട. കണിയാപുരം കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ ഡോക്ടറും ബിഡിഎസ് വിദ്യാർത്ഥിനിയും ഐടി ജീവനക്കാരനും ഉൾപ്പെടെ ഏഴുപേരടങ്ങുന്ന സംഘത്തെ പോലീസ് പിടികൂടി. എംഡിഎംഎ, കഞ്ചാവ്, ഹൈബ്രിഡ് കഞ്ചാവ് എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു.
സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ വിഘ്‌നേഷ്, ബിഡിഎസ് വിദ്യാർത്ഥിനി ഹലീന, അൻസിയ, അസീം, അവിനാശ്, അജിത്, ഹരീഷ് എന്നിവരാണ് പിടിയിലായത്. ഇതിൽ മൂന്നുപേർ നേരത്തെയും ലഹരിക്കടത്ത് കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു.
സിനിമാറ്റിക്കായ ചേസിംഗ്:
റോഡിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന സംഘത്തിന് പോലീസ് കൈകാണിച്ചെങ്കിലും നിർത്താൻ തയ്യാറായില്ല. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതികൾ സഞ്ചരിച്ച കാർ പോലീസ് ജീപ്പിലിടിപ്പിച്ചു. തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതികൾ കണിയാപുരത്തെ വാടകവീട്ടിലുണ്ടെന്ന് ഡാൻസാഫ് (DANSAF) സംഘം കണ്ടെത്തിയത്. വീട് വളഞ്ഞ പോലീസ് സാഹസികമായാണ് സംഘത്തെ കീഴ്‌പ്പെടുത്തിയത്.
ബംഗളൂരുവിൽ നിന്നാണ് സംഘം ലഹരിമരുന്ന് എത്തിച്ചിരുന്നത്. ഉയർന്ന പ്രൊഫഷണലുകൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്ന പ്രധാന സംഘമാണിതെന്ന് ആറ്റിങ്ങൽ, നെടുമങ്ങാട് റൂറൽ ഡാൻസാഫ് സംഘം വ്യക്തമാക്കി. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.