ശബരിമല സ്വർണ്ണക്കവർച്ച: കൂടുതൽ സ്വർണ്ണം കൊള്ളയടിച്ചതായി അന്വേഷണ സംഘം; ചെന്നൈയിൽ എത്തിച്ച് വേർതിരിച്ചു
തിരുവനന്തപുരം : ശബരിമല ശ്രീകോവിലിലെ പ്രഭാമണ്ഡലത്തിൽ നിന്നും ശില്പങ്ങളിൽ നിന്നും വൻതോതിൽ സ്വർണ്ണം കൊള്ളയടിച്ചതായി പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തി. പ്രഭാമണ്ഡലം, ശിവ-വ്യാളി രൂപങ്ങൾ, ദ്വാരപാലക ശില്പങ്ങൾ എന്നിവയിൽ പതിച്ചിരുന്ന സ്വർണ്ണമാണ് കവർന്നത്. കേസിലെ ഒൻപതാം പ്രതി പങ്കജ് ഭണ്ഡാരിയുടെ ചെന്നൈയിലുള്ള ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിൽ എത്തിച്ച് രാസമിശ്രിതം ഉപയോഗിച്ച് ഈ സ്വർണ്ണം വേർതിരിച്ചെടുത്തതായും എസ്.ഐ.ടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ശ്രീകോവിലിന്റെ കട്ടിളയുടെ മുകൾപ്പടിയിൽ പതിച്ചിരുന്ന സ്വർണ്ണപ്പാളികളും തൂണുകളിലെ സ്വർണ്ണവും ഇത്തരത്തിൽ അപഹരിക്കപ്പെട്ടിട്ടുണ്ട്. പണിക്കൂലിയായി പ്രതികൾ കൈക്കലാക്കിയ സ്വർണ്ണം പങ്കജ് ഭണ്ഡാരി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കി. കൊള്ളയടിച്ചതിന് തുല്യമായ 109.243 ഗ്രാം സ്വർണ്ണമാണ് സ്മാർട്ട് ക്രിയേഷൻസ് എസ്.ഐ.ടിക്ക് കൈമാറിയത്.സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കോ കരാർ ജീവനക്കാർക്കോ പങ്കുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. ശബരിമലയിലെ സ്വർണ്ണ ഉരുപ്പടികളിൽ നടന്ന ഈ വൻ ക്രമക്കേട് ഭക്തർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.