Latest News From Kannur

ഭിന്നശേഷിക്കാരനായ യുവാവിന്റെ ജീവിതമാർഗമായ കടയിൽ മോഷണം

0

ബാലുശ്ശേരി : ഭിന്നശേഷിക്കാരനായ യുവാവിന്റെ ജീവിതമാർഗമായ കടയിൽ മോഷണം. വട്ടോളി ബസാറിൽ പെട്ടിക്കട നടത്തുന്ന കൈതോട്ടുവയൽ ജിതിന്റെ പെട്ടിക്കടയിലാണ് വ്യാഴാഴ്ച രാത്രി മേൽക്കൂര പൊളിച്ച് കള്ളൻ അകത്തുകയറിയത്. അയ്യായിരത്തോളം രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടു.

മസ്‌കുലാര്‍ ഡിസ്‌ട്രോഫി ബാധിച്ച് 14 വർഷമായി ശരീരംതളർന്ന ജിതിൻ ശ്രീചിത്രയിലെ ചികിത്സയിലാണ്. ബാലുശ്ശേരി ഗവ. ബോയ്‌സ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായിരിക്കേയാണ് രോഗബാധിതനായത്. പിന്നീട് കിടക്കയിലൊതുങ്ങിപ്പോയ കൂട്ടുകാരനെ പുറംലോകത്തെത്തിക്കാൻ സഹപാഠികളാണ് വീടിനോടു ചേർന്ന് പെട്ടിക്കട നിർമിച്ച് ആവശ്യമായ സാധനങ്ങൾ വാങ്ങിനൽകിയത്.

നാടൻമോര്, നാടൻ അവിൽ, ഈന്ത്, വീട്ടിലുണ്ടാക്കിയ പലതരം അച്ചാറുകൾ തുടങ്ങിയവ വാങ്ങാനായി ഈ കട തേടിവരുന്നവരുണ്ട്. സാധനങ്ങൾ എടുത്തുനൽകാൻ തനിക്കുവയ്യാത്തതിനാൽ കടയിലെത്തുന്നവരെ വിശ്വസിച്ചാണ് കച്ചവടം മുന്നോട്ടുപോവുന്നതെന്നാണ് ജിതിൻ പറയുന്നത്.

ആവശ്യക്കാർതന്നെയാണ് വേണ്ടസാധനങ്ങൾ എടുക്കുന്നതും ജിതിൻ കണക്കുകൂട്ടി പറയുന്ന പൈസ പെട്ടിയിലിട്ട് ബാക്കിയെടുക്കുന്നതും. തന്നെപ്പോലുള്ളവരെയും ജീവിക്കാൻ സമ്മതിക്കാത്തവരുണ്ടോയെന്നാണ് ഈ യുവാവ് സങ്കടത്തോടെ ചോദിക്കുന്നത്.

Leave A Reply

Your email address will not be published.