തലശ്ശേരി:ഫോട്ടോഗ്രാഫിയുടെ ആത്മാവ് ആവാഹിക്കാൻ കഴിഞ്ഞ കലാകാരനാണ് കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞ കുയ്യാലിയിലെ ‘മേഘ മയൂരി ‘ൽ പ്രസി സൗരാഗ്. തീഷ്ണമായ ജീവിതാനുഭവങ്ങളും, കലയിലെ പാണ്ഡിത്യവും,സർവ്വോപരി ‘ പ്രകൃതിയോടും മനുഷ്യനോടുമുള്ള ആസക്തിയും ധന്യമാക്കിയ ഒരു ദർശനം പ്രസി സൗരാഗിൻ്റെ ഫ്രീലാൻ്റ് സ് സൃഷ്ടികളിൽ കാണാം. നിഴലും, വെളിച്ചവും, വർണ്ണാഭയും കൊണ്ട് ക്യാമറക്കണ്ണുകളിലൂടെ വിസ്മയം തീർത്ത കലാകാരനാണ് പ്രസി സാരാഗ്
സംഗീതവും ചിത്രകലയും ഇതൾ വിരിച്ച കുടുംബ പശ്ചാത്തലത്തിൽ നിന്നു വളർന്നു വന്ന പ്രസിക്ക്, ഫോട്ടോഗ്രാഫി എന്ന കലയുടെ മായിക ലോകംപകർന്ന് കിട്ടിയത് അക്കാലത്തെ പ്രശസ്തമായ ദിവാകർ സ്റ്റുഡിയോവിൽ നിന്നാണ്.
പിന്നീട് സിറ്റി സ്റ്റുഡിയോവിലും പ്രവർത്തിച്ചു. ഫ്രീലാൻറ് സ് ഫോട്ടോഗ്രാഫിയെ ‘എങ്ങിനെ സാമൂഹ്യ പ്രതിബദ്ധതയുള്ള കലാസൃഷ്ടിയാക്കാമെന്ന് അദ്ദേഹം പ്രസിദ്ധങ്ങളായ തൻ്റെ ഒട്ടേറെ ഫോട്ടോ ഗ്രാഫി കളിലൂടെ തെളിയിച്ചു.
പ്രസി സൗരാഗ് 2000 മുതൽ എ.കെ.പി.എ. ജില്ലാകമ്മിറ്റി അംഗമാണ്. കേരള സ്കൂൾ ഓഫ് ആർട്ട്സ് ഭരണ സമിതി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. ചിത്രം മാസികയിലും സിനിമാ പത്രം തുടങ്ങിയ ആനുകാലികങ്ങളിലും മുഖചിത്രം ചെയ്യാറുണ്ട്.
ദശകങ്ങളായി തലശ്ശേരിയുടെ കലാ സാംസ്ക്കാരിക കൂട്ടായ്മകളിലെ നിറസാന്നിദ്ധ്യമായിരുന്ന പ്രസിക്ക്, അതിവിപുലമായ സൗഹൃദ വലയവുമുണ്ടായിരുന്നു.
ഈ മനുഷ്യൻ്റ സ്നേഹ സൗമനസ്യങ്ങളിൽ ഊഷ്മളതയും ദാർശനികതയുടെ കരുത്തും ഉണ്ടായിരുന്നു.
കലയുമായി ബന്ധപ്പെട്ടതൊന്നും പ്രസിക്ക് അന്യമായിരുന്നില്ല.
അദ്ദേഹം മനുഷ്യകുലത്തെ അഗാധമായി സ്നേഹിച്ചിരുന്നു.കൂട്ടായ്മകളെ ഉത്സവം പോലെ ആഘോഷിച്ചു. ഉലയുന്ന ഉള്ളുമായി ശരീരത്തെ കാർന്നുതിന്നുന്ന നൊമ്പരങ്ങൾക്ക്, കൂട്ടിരുന്ന അദ്ദേഹം നോവുകളെപ്പോലും ഫലിതങ്ങളിൽ അലിയിച്ചെടുക്കുകയായിരുന്നു. അടുത്തിടെ
കേരള സ്കൂൾ ഓഫ് ആട്സ് നടത്തിയ കുട്ടികളുടെ കലാ ക്യാമ്പിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തത് പ്രസിയായിരുന്നു.
‘ഫോട്ടോഗ്രാഫർമാരും ചിത്രകാരന്മാരും ഒരമ്മ പെറ്റ സഹോദരങ്ങളാണെ’ന്നായിരുന്നു അദ്ദേഹം ഒടുവിൽ പങ്കെടുത്ത ആ പൊതുപരിപാടിയിൽ പറഞ്ഞതെന്ന്
കേരള ലളിതകലാ അക്കാഡമി
വൈസ് ചെയർമാൻ
എബി എൻ. ജോസഫ് ഓർക്കുന്നു ‘എത്രയെങ്കിലും ചിത്രകലാ കേമ്പുകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം.
ചിത്രവിവരണം: കേരള സ്കൂൾ ഓഫ് ആർട്സ് നടത്തിയ
വർണ്ണ വർഷം പരിപാടിയിൽ പ്രസി: സൗരാഗ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു.