ഗാന്ധിജയന്തി ദിനത്തിൽ പാർലമെന്റിൽ കേരളത്തിന്റെ ശബ്ദമാകാൻ മമ്പറം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി അവനി
തലശ്ശേരി : ഗാന്ധിജയന്തി ദിനത്തിൽ പാർലമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് സംസാരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടത് എരുവട്ടി കാപ്പുമ്മൽ വടക്കൻ വീട്ടിൽ ഒ. അവനിക്ക് അഭിമാന നിമിഷമായി. ദേശീയ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട 36 കുട്ടികളിൽ 12 പേർക്ക് മാത്രമാണ് പാർലമെന്റിൽ പ്രസംഗിക്കാനുള്ള അവസരം ലഭിക്കുന്നത്. കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർത്ഥിനിയെന്ന പ്രത്യേക അംഗീകാരവും അവനിക്ക് സ്വന്തമായി.
മമ്പറം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയും സീനിയർ സ്റ്റുഡന്റ് പൊലീസ് കേഡറ്റുമായ അവനി, 2024 ജനുവരിയിൽ വിജയവാഡയിൽ നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലും പിന്നീട് ഡിസംബറിൽ ഹരിയാനയിൽ നടന്ന ദേശീയ ശാസ്ത്രമേളയിലും പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഗണിതശാസ്ത്രമേളയിലെ വർക്കിങ് മോഡൽ വിഭാഗത്തിലായിരുന്നു അവളുടെ പങ്കാളിത്തം.
ഒതയോത്ത് ഭാർഗവന്റെയും രുക്മിണിയുടെയും മകളായ അവനിക്ക് അക്ഷയ് എന്ന സഹോദരനുണ്ട്.