Latest News From Kannur

‘കണ്ണൂർ സർവ്വകലാശാല പിജി സിലബസ് പിൻവലിക്കില്ല’: പ്രതിഷേധം ഭയന്ന് പിന്നോട്ടില്ലെന്ന് വൈസ് ചാൻസിലർ

0

കണ്ണൂർ: എത്ര പ്രതിഷേധം ഉണ്ടായാലും വിവാദമായ കണ്ണൂർ സർവ്വകലാശാല പിജി സിലബസ് പിൻവലിക്കില്ലെന്ന് വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. ഗോൾവാൾക്കറും സവർക്കറും അടിത്തറയിട്ട രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഹിന്ദുത്വ രാഷ്ട്രീയം എന്തെന്ന് വിദ്യാർത്ഥികൾ മനസിലാക്കേണ്ടതുണ്ട്. യോജിപ്പില്ലാത്ത പുസ്തകം വായിക്കരുത് എന്നത് താലിബാൻ രീതിയാണെന്നും ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.

കണ്ണൂർ സർവ്വകലാശാല പിജി ഗവേണൻസ് ആൻഡ് പൊളിറ്റിക്‌സ് പാഠ്യപദ്ധതിയിൽ സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ ഉൾപ്പെടുത്തിയതിനെതിരെ ഇടത് വിദ്യാർത്ഥി സംഘടനയും പ്രതിഷേധത്തിലേക്ക് നീങ്ങുമ്പോഴും വൈസ് ചാൻസിലർ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. കേരളത്തിലെ മറ്റ് സർവ്വകലാശാലകളും ഈ പുസ്തകങ്ങൾ പഠിപ്പിക്കണം. എക്‌സ്‌പേർട്ട് കമ്മറ്റി തന്ന ഗവേർണൻസ് ആൻഡ് പൊളിറ്റിക്‌സ് സിലബസ് ഇന്നലെ വിവാദമായപ്പോഴാണ് താൻ മുഴുവനായി വായിച്ചതെന്നും ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.

അതേസമയം, സിലബസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എഐഎസ്എഫ് ഇന്ന് പതിനൊന്നുമണിക്ക് യൂണിവേഴ്‌സിറ്റിയിലേക്ക് മാർച്ച് നടത്തും. വിഷയം ചർച്ചചെയ്ത് നിലപാട് തീരുമാനിക്കാൻ യൂണിവേഴ്‌സിറ്റിയൂണിയൻ ഭരിക്കുന്ന എസ്എഫ്‌ഐ യോഗവും ഇന്ന് ചേരും. പ്രതിപക്ഷ സംഘടനകളായ കെഎസ്‌യുവും എംഎസ്എഫും തുടർ സമരങ്ങൾ നടത്തുമെന്ന് അറിയിച്ചു.

 

Leave A Reply

Your email address will not be published.