Latest News From Kannur

വഴി കൃത്യമായി അറിയാത്തതിനാൽ ഗൂഗിൾ മാപ്പിനെ ആശ്രയിച്ചു, മാപ്പ് വഴി തെറ്റിച്ചു; ലോറി മറിഞ്ഞ് ക്ലീനർ മരിച്ചു, ഡ്രൈവർക്ക് പരിക്ക്

0

അടിമാലി: വഴി കൃത്യമായി അറിയാത്തതിനാൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച ലോറി മറിഞ്ഞ് ക്ലീനർ മരിച്ചു. എറണാകുളം കറുകുറ്റി സ്വദേശി എടക്കുന്നു ആമ്ബലശേരി സുബ്രൻ(51) ആണ് മരിച്ചത്. ഡ്രൈവറും വാഹന ഉടമയുമായ നെടുവേലിൽ ഡേവിഡ്(42) പരിക്കുകളോടെ രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. രാജാക്കാട്ട് ആരംഭിക്കുന്ന പുതിയ സ്ഥാപനത്തിലേക്ക് യന്ത്രസാമഗ്രികൾ കൊണ്ടുപോകുകയായിരുന്നു ലോറി. വഴി കൃത്യമായി അറിയാത്തതിനാൽ ഗൂഗ്ൾ മാപ്പിനെയാണ് ആശ്രയിച്ചത്.

അടിമാലിയിൽ നിന്ന് ഗൂഗ്ൾ മാപ്പ് കാണിച്ചത് മൂന്നാർ രണ്ടാം മൈലിൽ എത്തിയ ശേഷം തട്ടാത്തിമുക്ക്, ആനച്ചാൽ വഴിയുള്ള റോഡാണ്. എന്നാൽ, കല്ലാർകുട്ടി-വെള്ളത്തൂവൽ വഴിയാണ് രാജാക്കാട്ടേക്ക് ദൂരം കുറഞ്ഞ വഴി. തട്ടാത്തിമുക്കിന് സമീപമാണ് ലോറി മറിഞ്ഞത്.

അപകടത്തിൽ സുബ്രൻ പുറത്തേക്ക് തെറിച്ചുവീണു. ഡ്രൈവറെ നാട്ടുകാർ ചേർന്ന് പുറത്തെടുത്തു. കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് ക്ലീനർ മരിച്ചത്.

 

Leave A Reply

Your email address will not be published.