Latest News From Kannur

ഇന്ത്യൻ സ്‌കൂളുകൾ ഉടൻ തുറന്നേക്കും; അധികൃതരുടെ അഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രാലയം

0

മസ്‌കറ്റ്: ഒന്നര വർഷക്കാലത്തെ ഇടവേളക്കു ശേഷം ഒമാനിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾക്ക് വീണ്ടും ക്ലാസുകളിലേക്കെത്താനുള്ള സാധ്യത തെളിയുന്നു. ഈ മാസം അവസാനത്തോടെ സ്‌കൂളുകൾ തുറക്കാനാവുമെന്നാണ് കരുതുന്നത്. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ക്ലാസുകൾ പുനരാരംഭിക്കുന്നതു സംബന്ധിച്ച് ഇന്ത്യൻ സ്‌കൂൾ അധികൃതരുടെ അഭിപ്രായം തേടി.

സീനിയർ തലത്തിലായിരിക്കും ഇപ്പോൾ ക്ലാസുകൾ ആരംഭിക്കുക. ഒന്നാം ഘട്ടത്തിൽ ഒമ്പത് മുതൽ 12 വരെ ക്ലാസുകളാണ് പുനരാരംഭിക്കുക, മറ്റ് ക്ലാസുകൾ പിന്നീടായിരിക്കും തുറക്കുക. വാക്സിൻ എടുത്ത കുട്ടികളെ മാത്രമായിരിക്കും സ്‌കൂളിൽ പ്രവേശിപ്പിക്കുക. ഇതിന്റ ഭാഗമായി നാട്ടിലുള്ള അധ്യാപകരെ ചില സ്‌കൂളുകൾ തിരിച്ചുവിളിച്ചിട്ടുണ്ട്. അധ്യാപകർ തിരിച്ചെത്താനും തുടങ്ങിയിട്ടുണ്ട്.

ഇന്ത്യൻ സ്‌കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി ഒമാൻ അധികൃതർ കഴിഞ്ഞ ആഴ്ച ഇന്ത്യൻ സ്‌കൂളുകൾക്ക് മാർഗനിർദേശങ്ങൾ നൽകിയിരുന്നു. ഓൺലൈനും ഓഫ്ലൈനും ആയി ക്ലാസുകൾ നടത്താനുള്ള സൗകര്യം, കുട്ടികളുടെ വാക്സിനേഷൻ, സാമൂഹിക അകലം പാലിക്കൽ, കുട്ടികളുടെ ശരീര ഊഷ്മാവ് പരിശോധിക്കൽ, രോഗ ലക്ഷണങ്ങളുള്ളവരെ സ്‌കൂളിൽ വരാൻ അനുവദിക്കാതിരിക്കൽ, സ്‌കൂളിൽ രോഗലക്ഷണങ്ങളുണ്ടാവുന്നവരെ ഐസൊലേഷൻ ചെയ്യാൻ സൗകര്യം ഒരുക്കൽ- തുടങ്ങിയ നിരവധി സുപ്രധാന സുരക്ഷാ നിർദേശങ്ങളാണ് മന്ത്രാലയം സ്‌കൂൾ അധികൃതർക്ക് നൽകിയിരിക്കുന്നത്. സ്‌കൂളുകളിൽ നിന്ന് മറുപടി കിട്ടുന്നതനുസരിച്ചാണ് സ്‌കൂളുകൾ തുറക്കാൻ അധികൃതർ അംഗീകാരം നൽകുക.

Leave A Reply

Your email address will not be published.