Latest News From Kannur

മയക്കുമരുന്ന് കേസ്; ചാർമിയെ ചോദ്യം ചെയ്തത് 8 മണിക്കൂർ; രാകുൽപ്രീത് സിങ്ങും ഇ.ഡിക്ക് മുന്നിൽ

0

 

 

ഹൈദരാബാദ്: നടി രാകുൽപ്രീത് സിങ് ഇ.ഡിക്ക്(എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) മുന്നിൽ ഹാജരായി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായാണ് വെള്ളിയാഴ്ച നടി ഇ.ഡി. ഓഫീസിലെത്തിയത്. ഇ.ഡി. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിലും നേരത്തെയാണ് രാകുൽപ്രീത് സിങ് ചോദ്യം ചെയ്യലിനെത്തിയത്. രാകുൽപ്രീത് സിങ്ങിനോട് സെപ്റ്റംബർ ആറിന് ഹാജരാകാനാണ് ഇ.ഡി. ആവശ്യപ്പെട്ടിരുന്നത്. ഇതിനുമുമ്പുള്ള ദിവസം തന്നെ ഹാജരാകാൻ അനുവദിക്കണമെന്നായിരുന്നു നടിയുടെ ആവശ്യം. തുടർന്നാണ് സെപ്റ്റംബർ മൂന്നിന് ഹാജരാകാൻ നിർദേശിച്ചത്.

അതിനിടെ, 2017-ലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മറ്റൊരു നടി ചാർമി കൗറിനെ ഇ.ഡി. എട്ട് മണിക്കൂറോളം ചോദ്യം ചെയ്തു. വ്യാഴാഴ്ച ബഷീർബാഗിലെ ഇ.ഡി. ഓഫീസിൽ ഹാജരായ ചാർമി കൗറിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. 2015 മുതൽ 2017 വരെയുള്ള അക്കൗണ്ട് വിവരങ്ങളും ബാങ്ക് ഇടപാടുകളും സംബന്ധിച്ചാണ് ഉദ്യോഗസ്ഥർ പ്രധാനമായും വിവരങ്ങൾ ശേഖരിച്ചത്. രാവിലെ ഓഡിറ്റർമാർക്കൊപ്പമാണ് ചാർമി കൗർ ഇ.ഡി. ഓഫീസിലെത്തിയത്. തുടർന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്യൽ തുടർന്നു. ഉച്ചഭക്ഷണത്തിന് മാത്രമാണ് ഇടവേള അനുവദിച്ചത്.

ഇ.ഡി. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട എല്ലാരേഖകളും താൻ സമർപ്പിച്ചതായി നടി ചാർമി കൗർ ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു. അന്വേഷണവുമായി താൻ പൂർണമായി സഹകരിച്ചെന്നും ഇനിയും അത് തുടരുമെന്നും ചാർമി കൗർ പറഞ്ഞു. നിയമതടസമുള്ളതിനാൽ ചില കാര്യങ്ങൾ തനിക്ക് ഇപ്പോൾ സംസാരിക്കാനാകില്ലെന്നും നടി വ്യക്തമാക്കി. 2017-ലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് തെലുങ്ക് സിനിമയിലെ പന്ത്രണ്ടോളം പേരെ ഇ.ഡി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സംവിധായകനായ പുരി ജഗന്നാഥിനെ ഇ.ഡി. വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ചാർമി കൗറിനെയും ചോദ്യം ചെയ്തത്.

2017-ൽ വമ്പൻ മയക്കുമരുന്ന് റാക്കറ്റ് പൊലീസിന്റെ പിടിയിലായതോടെയാണ് സിനിമാമേഖലയിലേക്ക് ഉൾപ്പെടെ അന്വേഷണം വ്യാപിപ്പിച്ചത്. 2017-ലെ മയക്കുമരുന്ന് കേസിൽ യു.എസ്. പൗരൻ ഉൾപ്പെടെ ഇരുപതിലേറെ പേർ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ടോളിവുഡ് താരങ്ങളുടെ പങ്കിനെക്കുറിച്ചും വിവരം ലഭിച്ചത്. മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലുമാണ് ഇ.ഡി.യുടെ അന്വേഷണ പരിധിയിലുള്ളത്.

ടോളിവുഡിലെ 12 പേരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുമെന്നും കള്ളപ്പണം വെളുപ്പിക്കലിന് എന്തെങ്കിലും തെളിവുകൾ ലഭിച്ചാൽ ഇവരെ പ്രതിയാക്കുമെന്നുമാണ് ഇ.ഡി. ഉദ്യോഗസ്ഥരുടെ വിശദീകരണം.

Leave A Reply

Your email address will not be published.