Latest News From Kannur

ആധാര്‍ കാര്‍ഡിന്റെ ഫോട്ടോ കോപ്പികള്‍ എടുക്കാന്‍ പാടില്ല; പുതിയ നിയമം നടപ്പാക്കാന്‍ യുഐഡിഎഐ

0

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിലെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുതിയ നിയമം നടപ്പാക്കാന്‍ യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിട്ട് ഓഫ് ഇന്ത്യ (യുഐഡിഎഐ). ഹോട്ടലുകള്‍, പരിപാടികളിലെ സംഘാടകര്‍, സമാന സ്ഥാപനങ്ങള്‍ എന്നിവര്‍ ആധാര്‍ കാര്‍ഡുകളുടെ ഫോട്ടോ കോപ്പികള്‍ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും തടയുന്നതിനായി പുതിയ നിയമം ഉടന്‍ കൊണ്ടുവരുമെന്ന് യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാര്‍ പിടിഐയോട് പറഞ്ഞു.

ഇനി മുതല്‍ മറ്റൊരാളുടെ ആധാര്‍ കാര്‍ഡ് ഫോട്ടോകോപ്പി എടുത്ത് വയ്ക്കാന്‍ പാടില്ല. രേഖകളുടെ വെരിഫിക്കേഷന്‍ ഡിജിറ്റലായി നടപ്പിലാക്കുന്നതിനായുള്ള സംവിധാനങ്ങള്‍ എല്ലായിടത്തും നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയന്ത്രണം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

പല ഇടങ്ങളിലും സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ ആധാറിന്റെ ഫോട്ടോ കോപ്പി മിക്കയിടങ്ങളിലും ആവശ്യപ്പെടാറുണ്ട്. ഇത് വ്യക്തിപരമായ വിവരങ്ങളുടെ സുരക്ഷിതത്വത്തെയാണ് ബാധിക്കുന്നത്. പുതിയ നിയന്ത്രണം ഡാറ്റാ ചോര്‍ച്ചയ്ക്കുള്ള സാദ്ധ്യത ഗണ്യമായി കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. മറ്റൊരാളുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൈവശം വയ്ക്കുന്നത് ആധാര്‍ നിയമത്തിന്റെ ലംഘനമായി കണക്കാക്കുന്നു.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മറ്റൊരാളുടെ ആധാര്‍ കാര്‍ഡ് ഫോട്ടോ കോപ്പിയെടുക്കുന്ന ആളുകള്‍ക്കും കമ്പനികള്‍ക്കും എതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഭുവനേഷ് കുമാര്‍ അറിയിച്ചു. ഹോട്ടലുകളും മറ്റ് സ്വകാര്യ കമ്പനികളും ഉള്‍പ്പെടെ ആധാര്‍ പരിശോധന നടത്തുന്ന എല്ലാ സ്ഥാപനങ്ങളും പുതിയ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും. പേപ്പര്‍ അധിഷ്ഠിത ആധാര്‍ പരിശോധന നിരുത്സാഹപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

 

Leave A Reply

Your email address will not be published.