Latest News From Kannur

മോശം ഭക്ഷണം എന്ന പരാതിയെ തുടർന്ന് കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകളിലെ ഭക്ഷണ വിതരണ കരാർ റെയിൽവേ റദ്ദാക്കി

0

ബ്രന്ദാവൻ ഫുഡ് പ്രോഡക്റ്റ്സിനെയാണ് പുറത്താക്കിയത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി ആറു വന്ദേ ഭാരത ട്രെയിനുകളിലെ ഭക്ഷണവിതരണം നടത്തിയിരുന്നത് ഇതേ കമ്പനിയാണ്. തുടർച്ചയായി മോശം ഭക്ഷണം എന്ന് യാത്രക്കാർ നിരന്തര പരാതി ഉയർത്തിയിരുന്നു. കരാർ റദ്ദാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും കോടതിയിൽ ‌സ്‌റ്റേ വാങ്ങി വിതരണ കമ്പനി തുടരുകയായിരുന്നു. ഹൈക്കോടതി സ്‌റ്റേ പിൻവലിച്ചതോടെ കരാർ റദ്ദായതായി റെയിൽവേ അറിയിച്ചു. ഭക്ഷണ വിതരണം താൽക്കാലികമായി മറ്റു കമ്പനികളെ ഏൽപ്പിച്ചു. ബ്രന്ദാവന്റെ കൊച്ചി കടവന്ത്രയിലെ ബേസ് കിച്ചൻ പ്രവർത്തിച്ചത് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണെന്ന് മോശം ഭക്ഷണം പിടിച്ചതിനെ തുടർന്ന് നേരത്തെ റെയിൽവേ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം വന്ദേഭാരത് ട്രെയിനിൽ ഭക്ഷണം വിതരണം ചെയ്യുന്ന സ്‌ഥാപനത്തിൽ റെയിൽവേ പൊലീസ് മിന്നൽ പരിശോധന നടത്തിയിരുന്നു. സംസ്‌ഥാന വ്യാപകമായി ‘ഓപ്പറേഷൻ പൊതിച്ചോർ’ എന്ന പേരിലായിരുന്നു പരിശോധന.

മോശം ഭക്ഷണം വിതരണം ചെയ്തെന്ന പരാതികളിൽ കരാറുകാരായ ബ്രന്ദാവൻ ഫുഡ്‌സിനെതിരെ നടപടിക്കു ശ്രമിച്ചപ്പോൾ കരാർക്കമ്പനി ചെന്നൈ ഹൈക്കോടതിയെ സമീപിച്ചു സ്‌റ്റേ വാങ്ങിയിരുന്നു. ഭക്ഷണം സംബന്ധിച്ചു കൂടുതൽ പരാതി ഉയർന്നതു തിരുവനന്തപുരം- മംഗളൂരു വന്ദേഭാരതിലാണ്. മുൻപ്, കാലാവധി കഴിഞ്ഞ ജൂസ് വിതരണം ചെയ്തതാണു പരാതിക്കിടയാക്കിയതെങ്കിൽ കഴിഞ്ഞ ദിവസം ട്രെയിനിൽ വിതരണം ചെയ്ത പരിപ്പുകറിയിൽ പുഴുവിനെ കണ്ടതാണു പുതിയ പരാതി.

Leave A Reply

Your email address will not be published.