Latest News From Kannur

*പള്ളൂർ ഗവൺമെൻറ് ആശുപത്രി പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജനുവരി 19ന്*

0

മാഹി: പള്ളൂർ ഗവൺമെൻറ് ആശുപത്രിക്ക് പുതുതായി നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജനുവരി 19ന് നടക്കും.

പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമിയുടെ അധ്യക്ഷതയിൽ, പുതുച്ചേരി ലെഫ്റ്റനൻറ് ഗവർണർ കെ. കൈലാസനാഥൻ ശിലാസ്ഥാപന കർമ്മം ഓൺലൈൻ വഴി ചടങ്ങ് നിർവഹിക്കും. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ. ലക്ഷ്മി നാരായണൻ മുഖ്യപ്രഭാഷണം നടത്തും.

ആറര പതിറ്റാണ്ട് മുമ്പ് സ്ഥാപിതമായ പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ, നിത്യേന നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന പ്രധാന ആരോഗ്യ കേന്ദ്രമാണ്. ആധുനിക സൗകര്യങ്ങളോടുകൂടിയ നാലുനില കെട്ടിടമായി ആശുപത്രി ഉയരുന്നതോടെ പള്ളൂർ പ്രദേശത്തെ ജനങ്ങളുടെ ദീർഘകാല അഭിലാഷമാണ് സഫലമാകുന്നത്.

ആശുപത്രി വികസനത്തിന്റെ ഭാഗമായി, നിലവിലുണ്ടായിരുന്ന മൃഗാശുപത്രിയുടെ സ്ഥലം ആരോഗ്യ വകുപ്പിന് കൈമാറി. മൃഗാശുപത്രിക്ക് ആവശ്യമായ സ്ഥലം നഴ്‌സസ് കോഴ്‌സിനടുത്ത് കണ്ടെത്തി അവിടേക്ക് മാറ്റാനും സാധിച്ചു. നിലവിൽ 30 കിടക്കകളുള്ള ആശുപത്രി, 50 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില ആശുപത്രിയായാണ് നിർമ്മിക്കുന്നത്.

ജനങ്ങൾക്ക് തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ വികസന പ്രവർത്തനം നടപ്പാക്കുന്നതെന്ന് എം എൽ എ രമേശ് പറമ്പത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.

മാഹിയിലെ ജനങ്ങളും മുൻകാല മുഖ്യമന്ത്രിമാരും ആശുപത്രി വികസനത്തിന് വലിയ പിന്തുണ നൽകിയതായി അവർ പറഞ്ഞു.

ആദ്യഘട്ടമായി 20.57 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. വിശാലമായ പാർക്കിംഗ് സൗകര്യങ്ങളോടൊപ്പം ജനറൽ മെഡിസിൻ, ഇ.എൻ.ടി, ഗൈനക്കോളജി, ഡെന്റൽ വിഭാഗങ്ങൾ, സ്പെഷലിസ്റ്റ് ഡോക്ടർമാർ, ഫാർമസി, ഡിജിറ്റൽ ലാബ്, ഐസിയു, ഓപ്പറേഷൻ തിയേറ്റർ എന്നിവ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ ആശുപത്രി നിർമ്മിക്കുന്നത്.

ചാലക്കര, പള്ളൂർ, പന്തക്കൽ എന്നീ മൂന്ന് വില്ലേജുകളിലെയും കേരളത്തിന്റെ സമീപ പ്രദേശങ്ങളിലെയും ആയിരക്കണക്കിന് സാധാരണക്കാർ ആശ്രയിക്കുന്ന പ്രധാന ആരോഗ്യ കേന്ദ്രമാണിത്. ശിലാസ്ഥാപനത്തിന് ശേഷം ദ്രുതഗതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും, പൊതുജനങ്ങൾ ചടങ്ങിൽ പങ്കെടുത്ത് സഹകരിക്കണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു.

Leave A Reply

Your email address will not be published.