444 കിലോമീറ്റര്‍ പൂര്‍ത്തിയായി കഴിഞ്ഞു, കേരളത്തിന്‍റെ ഏറ്റവും വലിയ സ്വപ്നം പുതുവര്‍ഷ സമ്മാനം; സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയെന്ന് റിയാസ്
ദേശീയപാത 66 ആറ് വരിയാക്കുന്ന പ്രവർത്തികളുടെ ഭാഗമായി സംസ്ഥാനത്ത് 444 കിലോമീറ്റർ പാതയുടെ നിർമ്മാണം പൂർത്തിയാക്കിയതായി പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ആലപ്പുഴ, അമ്ബലപ്പുഴ നിയോജക മണ്ഡലങ്ങളിലെ വാടക്കനാലിനെയും കൊമേർഷ്യല്‍ കനാലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുനർനിർമ്മിച്ച മുപ്പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു കാലത്തും യാഥാർഥ്യം ആകില്ല എന്ന് കരുതിയ കാസർഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനം ആണ് കേരളത്തിലെ യാഥാർത്ഥ്യമായി കൊണ്ടിരിക്കുന്നത്.
2013 – 2014 കാലഘട്ടത്തില്‍ ദേശീയപാത അതോറിറ്റി പദ്ധതി അവസാനിപ്പിച്ച് ഓഫീസ് പൂട്ടിപ്പോയ അവസ്ഥയില്‍ നിന്നാണ് സംസ്ഥാന സർക്കാരിന്‍റെ ഇച്ഛാശക്തിയിലൂടെ സംസ്ഥാനത്ത് ദേശീയ പാത വികസനം പൂർത്തിയാക്കി കൊണ്ടിരിക്കുന്നത്. 2026ല്‍ പുതുവത്സര സമ്മാനമായി ദേശീയപാതയുടെ പൂർത്തീകരിച്ച റീച്ചുകള്‍ നാടിന് സമർപ്പിക്കാൻ സാധിക്കും എന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ അധികാരത്തില്‍ വന്നപ്പോള്‍ അഞ്ച് വർഷം കൊണ്ട് നൂറു പാലങ്ങള്‍ പൂർത്തിയാക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ മൂന്ന് വർഷവും ഒമ്ബതുമാസം കൊണ്ട് ഇത് യാഥാർത്ഥ്യമാക്കാൻ സാധിച്ചു. ഇതുവരെ സർക്കാർ അധികാരത്തില്‍ വന്നതിനു ശേഷം 149 പാലങ്ങള്‍ യാഥാർഥ്യമാക്കിയതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒമ്ബത് വർഷമായി പശ്ചാത്തല വികസന രംഗത്ത് വികസനത്തിന്‍റെ മാജിക്കാണ് നടക്കുന്നത്. ഇതില്‍ വലിയ പങ്കു വഹിക്കുന്ന കിഫ്ബി ഏറ്റവും കൂടുതല്‍ ഫണ്ട് ചെലവഴിക്കുന്നത് പൊതുമരാമത്ത് പദ്ധതികള്‍ക്കാണ്. പൊതുമരാമത്ത് വകുപ്പ് വഴി മാത്രം 33,101 കോടി രൂപ ചെലവഴിച്ച് 511 പദ്ധതികള്‍ നടപ്പാക്കി. തുരങ്കപാതയും മലയോര പാതയും തീരദേശപാതയും കിഫ്ബി ഫണ്ടില്‍ യാഥാർത്ഥ്യമാകുന്നു. ഇതുവരെ പൂർത്തീകരിച്ചത് 163 റോഡ് -പാലം പദ്ധതികളാണ്. ഇതിനായി ചെലവഴിച്ചത് 12,000 കോടിയോളം രൂപയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ കെആർഎഫ്ബിയില്‍ നിന്നും 17.825 കോടി രൂപ വിനിയോഗിച്ച് പൊതുമരാമത്തു വകുപ്പിന്‍റെ മേല്‍നോട്ടത്തിലാണ് മുപ്പാലം പുനർനിർമ്മിച്ചത്. ഉദ്ഘാടന വേളയില്‍ പദ്ധതിക്ക് തുടക്കമിട്ട മുൻ മന്ത്രിമാരായ ടി. എം. തോമസ് ഐസക്കിനെയും ജി. സുധാകരനെയും മന്ത്രി പ്രത്യേകം പരാമർശിച്ചു. അന്യഭാഷ ചലച്ചിത്രങ്ങള്‍ ഉള്‍പ്പെടെ നിരവധി സിനിമകളുടെ ഷൂട്ടിംഗ് ചരിത്രം പേറുന്ന പുനർനിർമ്മിച്ച നാല്‍പ്പാലം ഇവിടെ ചിത്രീകരിച്ച സിനിമകളുടെ ചരിത്രം കൂടി ഉള്‍പ്പെടുത്തി പുതിയൊരു പദ്ധതി ടൂറിസം വകുപ്പ് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇതിനോടൊപ്പം വിനോദ സഞ്ചാര വകുപ്പ് 22.50 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന ആലപ്പുഴ പൈതൃക പദ്ധതി കനാല്‍ക്കര സൗന്ദര്യവല്‍ക്കരണത്തിന്റെ നിർമ്മാണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പി. പി. ചിത്തരഞ്ജൻ എം എല്‍ എ അധ്യക്ഷനായി. എച്ച്. സലാം എം എല്‍ എ, നഗരസഭാ ഉപാധ്യക്ഷൻ പി. എസ്. എം. ഹുസൈൻ, ജില്ലാ കളക്ടർ അലക്സ് വർഗീസ്, പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എഞ്ചിനീയർ ഹൈജീൻ ആല്‍ബർട്ട്, പൊതുമരാമത്ത് പാലം വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ ഷിജി കരുണാകരൻ , നഗരസഭാംഗം സിമി ഷാഫിഖാൻ, മുസിരിസ് പ്രോജക്‌ട് ലിമിറ്റഡ് എംഡി ഷാരോണ്‍ വീട്ടില്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആർ. നാസർ, വി. സി. ഫ്രാൻസിസ്, എൻ. സന്തോഷ് കുമാർ, അഗസ്റ്റിൻ കരിമ്ബിൻ കാല, സുബാഷ് ബാബു, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.