Latest News From Kannur

ഒന്നല്ല, കേരളത്തിന് മൂന്ന് അമൃത് ഭാരത് എക്സ്പ്രസുകള്‍; നാല് പുതിയ ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

0

തിരുവനന്തപുരം: കേരളത്തിന് നാല് പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. പുതുതായി പ്രഖ്യാപിച്ച അമൃത് ഭാരത് ട്രെയിനുകളിലെ മൂന്ന് സര്‍വീസുകളും ഗുരുവായൂര്‍ – തൃശൂര്‍ പാസഞ്ചറുമാണ് കേരളത്തിന് പുതുതായി ലഭിക്കുക. അടുത്തയാഴ്ച തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് പുതിയ ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് ചെയ്യും. കേരളത്തിന് ലഭിച്ച നാലു ട്രെയിനുകളും തമിഴ്‌നാടിന് അനുവദിച്ച രണ്ട് ട്രെയിനുകളുമാണ് മോദി ഫ്ളാഗ് ഓഫ് ചെയ്യുക.തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ഹൈദരാബാദ്, നാഗര്‍കോവില്‍-മംഗളൂരു എന്നീ അമൃത് ഭാരത് ട്രെയിനുകളാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ഒപ്പം ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചറുമുണ്ട്. നാഗര്‍കോവില്‍ – ചര്‍ലാപ്പള്ളി, കോയമ്പത്തൂര്‍-ധന്‍ബാദ് അമൃത് ഭാരത് എന്നിവയാണ് തമിഴ്‌നാടിന് ലഭിക്കുക.

ഷൊര്‍ണൂര്‍ നിലമ്പൂര്‍ പാത വൈദ്യുതീകരണവും റെയില്‍വേ അംഗീകരിച്ചിട്ടുണ്ട്. ഒപ്പം അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ച 11 സ്‌റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. കേരളത്തില്‍ കുറ്റിപ്പുറം, ചങ്ങനാശ്ശേരി, ഷൊര്‍ണൂര്‍ സ്‌റ്റേഷനുകള്‍ ഇത്തരത്തില്‍ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ചവയാണ്.

ഗുരുവായൂര്‍-തൃശ്ശൂര്‍ പാസഞ്ചര്‍ ദിവസവും സര്‍വീസ് നടത്തും. വൈകീട്ട് 6.10ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെട്ട് 6.50ന് തൃശ്ശൂരിലെത്തും. തൃശ്ശൂരില്‍ നിന്ന് രാത്രി 8.10ന് പുറപ്പെട്ട് 8.45ന് ഗുരുവായൂരിലെത്തും.

Leave A Reply

Your email address will not be published.