ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികളുടെ ദുരൂഹ സാമ്പത്തിക ഇടപാടുകള്‍; ഉന്നതര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്
തിരുവനന്തപുരം : ശബരിമലയിലെ വിവാദ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കോടികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ബ്ലേഡ് പലിശയ്ക്ക് പണം നല്‍കി പലയിടത്തും ഭൂമി ഏറ്റെടുത്തുവെന്നാണ് വിവരം. മൂന്നു വര്‍ഷത്തിനിടെ 30 കോടിയിലേറെ രൂപയുടെ ഭൂമിക്കച്ചവടം നടത്തിയതായാണ് റിപ്പോര്‍ട്ട്. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും ഭൂമി രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. തലസ്ഥാനത്തു തന്നെ കോടികളുടെ ഇടപാടുകളാണ് നടത്തിയത്. 2020 നും 2025 നുമിടയിലാണ് കോടികളുടെ ഇടപാടു നടന്നതെന്നാണ് വിലയിരുത്തല്‍. ബംഗലൂരുവിലും ഭൂമി ഇടപാടുകള്‍ നടന്നതായി റിപ്പോർട്ടുണ്ട്.
ഉന്നതരുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നാണ് വിവരം. ഉന്നതര്‍ക്കൊപ്പമുള്ള ചിത്രങ്ങളെടുക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക സന്ദര്‍ഭങ്ങളുണ്ടാക്കുകയായിരുന്നുവെന്നാണ് നിഗമനം. മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിജിപി റവാഡ ചന്ദ്രശേഖര്‍, മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തു വന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെ കാര്‍പോര്‍ച്ചില്‍ വെച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റി, മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രമെടുത്തിട്ടുള്ളത്.
ആംബുലന്‍സ് ദേവസ്വം ബോര്‍ഡിന് കൈമാറുന്ന ചടങ്ങായിരുന്നു അതെന്നാണ് വിവരം. ഡിജിപി റവാഡ ചന്ദ്രശേഖര്‍, എഡിജിപി എസ് ശ്രീജിത്ത് എന്നിവരും ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ചിത്രത്തിലുണ്ട്. മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന് സംഭാവന നല്‍കുന്ന ചിത്രവും പൊലീസ് ആസ്ഥാനത്തു വെച്ച് എഡിജിപി എസ്. ശ്രീജിത്തിനെ പൊന്നാട അണിയിക്കുന്ന ചിത്രവും പുറത്തു വന്നവയില്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിക്കും, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി എന്നിവര്‍ക്കൊപ്പവുമുള്ള ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പാര്‍ട്ണറായ രമേഷ് റാവുവും ചിത്രങ്ങളിലുണ്ട്.ശബരിമല അയ്യപ്പന്റെ നടയും കട്ടിളപ്പടിയും എന്ന പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലും പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. നടന്‍ ജയറാമിനെ അടക്കം ക്ഷണിച്ചുകൊണ്ടാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ജയറാം ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി ശബരിമലയില്‍ ദര്‍ശനം നടത്തുന്ന വ്യക്തിയാണ് താന്‍. ഇവിടെ ദര്‍ശനം നടത്തിയപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണെന്നും അന്ന് ജയറാം പറയുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ചെന്നൈയില്‍ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണന്‍ പോറ്റി കൈപ്പറ്റിയ ദ്വാരപാലക ശില്‍പ്പങ്ങള്‍ ബംഗലൂരുവിലെത്തിച്ച് പ്രദര്‍ശനം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.