Latest News From Kannur

ബെവറജ് ഔട്ട്ലെറ്റിലെ ക്രമക്കേട്: പണം തിരികെ അടച്ചതുകൊണ്ട് കേസ് ഇല്ലാതാകില്ല -ഹൈക്കോടതി

0

കൊച്ചി : സ്റ്റോക്കിൽ കുറവുവന്ന മദ്യത്തിന്റെ തുക ഏറെവൈകി തിരികെയടച്ചതുകൊണ്ട് വിജിലൻസ് കേസില്ലാതാകില്ലെന്ന് ഹൈക്കോടതി. ബെവ്കോയുടെ മൂവാറ്റുപുഴ ഔട്ട്ലെറ്റിലെ 27.92 ലക്ഷം രൂപയുടെ മദ്യം അപഹരിച്ച കേസിൽ പ്രതികളായ ജീവനക്കാർ വിജിലൻസ് കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. ക്രമക്കേടുനടത്തിയ തുക തിരിച്ചടച്ചതിന്റെ പേരിൽ കേസ് റദ്ദാക്കണമെന്ന ആവശ്യം നിലനിൽക്കില്ല. പ്രതികൾ വിചാരണനേരിടണമെന്നും കോടതി പറഞ്ഞു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലെ കേസ് റദ്ദാക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം.

ബെവ്കോയുടെ മൂവാറ്റുപുഴ ബെവറജ് ഔട്ട്ലെറ്റിലെ 2018 ഏപ്രിൽ മുതൽ ജൂലായ് വരെയുള്ള കാലയളവിലുണ്ടായ ക്രമക്കേടിൽ, ജീവനക്കാരായ പി.എൻ. സുരേഷ് കുമാർ, ആർ. ശ്രീരാഗ്, കെ.പി. പ്രസീദ്, മാത്യു ജേക്കബ്, കെ.ജെ തോമസ്, കെ.ടി. ദീപുമോൻ എന്നിവരുടെപേരിലാണ് ബെവ്കോ മാനേജരുടെ പരാതിയിൽ കേസെടുത്തിരുന്നത്.

വലിയ തുകയുടെ കുറവാണുണ്ടായതെന്നും ഇത് കരുതിക്കൂട്ടിയല്ലെന്ന് കരുതാനാകില്ലെന്നും കോടതി പറഞ്ഞു. ക്രമക്കേട് നടത്തിയ തുക തിരിച്ചടച്ചിരിക്കുന്നത് ഏറെ വൈകിയാണ്. പലിശയും അടച്ചിട്ടില്ല. സ്റ്റോക്കെടുക്കാൻ വൈകിയതാണ് വൈകാൻ കാരണമായതെന്ന വാദവും അംഗീകരിക്കാനാകില്ല -കോടതി പറഞ്ഞു.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. രാജേഷ് ആണ് വിജിലൻസിനുവേണ്ടി ഹാജരായത്.

Leave A Reply

Your email address will not be published.