ചെന്നൈ : തമിഴ്‌നാട്ടിലെ കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തില്‍ മരണം 41 ആയി. ചികിത്സയിലിരുന്ന കരുര്‍ സ്വദേശിനി സുഗുണയാണ് മരിച്ചത്. അതേസമയം സംഭവത്തില്‍ ടിവികെ അധ്യക്ഷനായ നടന്‍ വിജയ്ക്ക് ഇന്ന് നിര്‍ണായകമാണ്. അന്വേഷണം സ്വതന്ത്രവും നിഷ്പക്ഷവുമായ ഏജന്‍സിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം ( ടിവികെ ) സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കാന്‍ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കരൂര്‍ ദുരന്തത്തിന്റെ പേരില്‍ ടിവികെക്കെതിരേ മദ്രാസ് ഹൈക്കോടതിയില്‍ രണ്ടുഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ടിവികെയുടെ ഭാവി പ്രചാരണ പരിപാടികള്‍ക്കൊന്നും അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഒന്ന്. ശനിയാഴ്ചത്തെ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട ഒരാളാണ് ഹര്‍ജിക്കാരന്‍. ടിവികെയുടെ രജിസ്ട്രേഷനും അംഗീകാരവും റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് രണ്ടാമത്തെ ഹര്‍ജി. ഈ ഹര്‍ജികളും കോടതി ഇന്നു പരിഗണിച്ചേക്കും.
ശനിയാഴ്ച നടന്ന ടിവികെ റാലിയില്‍ സ്ത്രീകളും കുട്ടികളും വയോധികരുമുള്‍പ്പെടെ ധാരാളം ആളുകളെ ചെറിയൊരു സ്ഥലത്ത് കുത്തിനിറച്ചെന്നും അതുകാരണം 40 പേര്‍ മരിച്ചെന്നും അത് ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹൈക്കോടതി മധുര ബെഞ്ചില്‍ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. കുട്ടികളെ രാഷ്ട്രീയ പരിപാടികളില്‍ അണിനിരത്തിയത് ബാലവേല തടയുന്നതിനുള്ള നിയമത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആരാധക സംഘം എന്നതില്‍ നിന്നും രാഷ്ട്രീയകക്ഷിയായി മാറാന്‍ ഇനിയും ടിവികെയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് എതിരാളികള്‍ വിമര്‍ശനം ഉന്നയിക്കുന്നത്. ഇതു ശരിവെക്കുന്നതാണ് ദുരന്തവും അതിനെ ടിവികെ നേതൃത്വം നേരിട്ട രീതിയുമെന്നും എതിരാളികള്‍ ചൂണ്ടിക്കാട്ടുന്നു. ദുരന്തം നടന്നയുടന്‍ ഒരു പ്രതികരണവും നടത്താതെ വിജയ് ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ ചെന്നൈയിലേക്ക് പറന്നകാര്യവും ഇവര്‍ ഉന്നയിക്കുന്നു. എന്നാല്‍ ദുരന്തത്തിനു പിന്നില്‍ ടിവികെയുടെ വളര്‍ച്ച തടയാനുള്ള ഗൂഢാലോചനയുണ്ടെന്ന് സ്ഥാപിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രമം.