തിരുവനന്തപുരം : ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന മാനിച്ച് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ നടന്‍ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ശനിയാഴ്ച ആദരിക്കും. തിരുവനന്തപുരത്ത് നടക്കുന്ന പ്രത്യേക ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.
അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ഫാല്‍ക്കെ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ മലയാളി കലാകാരനാണ് മോഹന്‍ലാല്‍. കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതിയുടെ കയ്യില്‍ നിന്നും അദ്ദേഹം പരമോന്നത ദേശീയ ചലച്ചിത്ര ബഹുമതി ഏറ്റുവാങ്ങിയത്.
“പുരസ്‌കാരം സ്വന്തമാക്കിയതില്‍ ഏറെ സന്തോഷവും അഭിമാനവും അനുഭവപ്പെടുന്നു. ഇത് മുഴുവന്‍ മലയാള സിനിമാ ലോകത്തിന്റെയും അംഗീകാരമാണ്. സിനിമ എന്റെ ഹൃദയസ്പന്ദനമാണ്, സ്വപ്നത്തില്‍പോലും ഈ ബഹുമതി കരുതിയിരുന്നില്ല,” — എന്ന് പുരസ്‌കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍ പ്രതികരിച്ചു.