യുദ്ധസമാനമായ കലാശപ്പോരില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഏഷ്യാ കപ്പ് ക്രിക്കറ്റ് കീരീടം സ്വന്തമാക്കി ടീം ഇന്ത്യ. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന് ലഭിച്ച മികച്ച തുടക്കം മുതലാക്കാനാകാതെ 19.1 ഓവറില്‍ 146ന് എല്ലാവരും പുറത്തായി. 12.4 ഓവറില്‍ 113 ന് 1 എന്ന് മികച്ച നിലയിലായിരുന്ന പാകിസ്ഥാനെ നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് തകര്‍ത്തത്. 38 പന്തില്‍ 57 റണ്‍സെടുത്ത സാഹിബ്‌സാദ ഫര്‍ഹാനും 35 പന്തില്‍ 46 റണ്‍സെടുത്ത ഫഖര്‍ സമാനുമാണ് പാകിസ്ഥാന് മികച്ച തുടക്കം സമ്മാനിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 20 റണ്‍സ് നേടുന്നതിനിടയില്‍ 3 വിക്കറ്റുകള്‍ വീണ ഇന്ത്യയെ രക്ഷിച്ചത് 24 റണ്‍സെടുത്ത സഞ്ജു സാംസണിനും 33 റണ്‍സെടുത്ത ശിവം ദുബെക്കുമൊപ്പം 69 റണ്‍സെടുത്ത് പുറത്താകാതെ നിന്ന തിലക് വര്‍മയുടെ വീരോചിത പോരാട്ടമാണ്. നേരിട്ട ആദ്യ പന്ത് തന്നെ റിങ്കു സിംഗ് ബൗണ്ടറിയിലേക്ക് പായിച്ചതോടെ ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. 53 പന്തില്‍ 69 റണ്‍സെടുത്ത് ഇന്ത്യക്ക് കിരീടം നേടി കൊടുത്ത തിലക് വര്‍മ തന്നെയാണ് കളിയിലെ താരം. 7 കളികളില്‍ നിന്ന് 314 റണ്‍സെടുത്ത് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ടൂര്‍ണമെന്റിന്റെ താരം. 7 കളികളില്‍ നിന്ന് 17 വിക്കറ്റെടുത്ത ഇന്ത്യയുടെ കുല്‍ദീപ് യാദവാണ് വിക്കറ്റ് വേട്ടയില്‍ ഒന്നാമന്‍.
◾ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ അവേശപ്പോരാട്ടത്തിലൂടെ പാകിസ്താനെ കീഴടക്കി കിരീടം നേടിയെങ്കിലും ജേതാക്കള്‍ക്കുള്ള ട്രോഫി ഇന്ത്യ ഏറ്റുവാങ്ങിയില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തലവന്‍ എന്ന നിലയില്‍ പിസിബി ചെയര്‍മാന്‍ കൂടിയായ മുഹസിന്‍ നഖ്വിയാണ് കപ്പ് കൈമാറേണ്ടിയിരുന്നത്. ഇതൊഴിവാക്കാനാണ് വിതരണ ചടങ്ങില്‍നിന്ന് ഇന്ത്യ വിട്ടുനിന്നത്.
◾ ഏഷ്യാ കപ്പ് കിരീടം സമ്മാനദാന ചടങ്ങില്‍ വച്ച് ഇന്ത്യയ്ക്ക് നല്‍കിയില്ലെന്ന വെളിപ്പെടുത്തലുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ചാമ്പ്യന്മാരായ ടീമിന് ട്രോഫി നല്‍കാതിരിക്കുന്നത് ക്രിക്കറ്റ് കളിച്ചു തുടങ്ങിയ ശേഷമുള്ള ആദ്യ അനുഭവമെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു. ഇന്ത്യന്‍ ടീം ട്രോഫി അര്‍ഹിച്ചിരുന്നു. അതേസമയം യഥാര്‍ത്ഥ ട്രോഫി ടീം അംഗങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും ആണെന്നു സൂര്യകുമാര്‍ യാദവ് പറഞ്ഞു. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തലവനുമായ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു. മറ്റാരെങ്കിലും ട്രോഫി കൈമാറണമെന്ന ടീം ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇന്ത്യന്‍ ടീം വേദിയില്‍ എത്തുകയും ഡ്യൂപ്ലിക്കേറ്റ് ട്രോഫി ഉപയോഗിച്ച് വിജയം ആഘോഷിക്കുകയും ചെയ്തു. താന്‍ കളിച്ച എല്ലാ മത്സരങ്ങളുടെയും മാച്ച് ഫീ ഇന്ത്യന്‍ സൈന്യത്തിന് സമര്‍പ്പിക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.
◾ പാകിസ്താനെ തകര്‍ത്ത് ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ചൂടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ‘കളിക്കളത്തിലും ഓപ്പറേഷന്‍ സിന്ദൂര്‍, ഫലം ഒന്നുതന്നെ; ഇന്ത്യയുടെ വിജയം. നമ്മുടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍’- എന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.