Latest News From Kannur

‘കള്ളപ്പണം വെളുപ്പിച്ചു, സോണിയയ്ക്കും രാഹുലിനുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്’; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി കോടതിയില്‍

0

ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ തെളിവുകളുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇവര്‍ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് ഇഡിയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി റൗസ് അവന്യൂ കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു ഇഡിയുടെ പരാമര്‍ശം.

നാഷണല്‍ ഹെറാള്‍ഡ് വിഷയത്തില്‍ കേസ് പരിഗണിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള പ്രാഥമിക വാദങ്ങള്‍ക്കിടെയാണ് സ്‌പെഷ്യല്‍ ജഡ്ജി വിശാല്‍ ഗോഗ്‌നെയ്ക്ക് മുമ്പാകെ ഇഡി ഈ വാദം ഉന്നയിച്ചത്. അതേസമയം, ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിക്ക് കേസിന്റെ കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കാന്‍ ജഡ്ജി ഇഡിക്ക് നിര്‍ദ്ദേശം നല്‍കി. സുബ്രഹ്മണ്യന്‍ സ്വാമിയുടെ സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്.

പട്ടികയില്‍ ഉള്‍പ്പെടുത്തിയ കുറ്റകൃത്യത്തില്‍നിന്ന് നേടിയ സ്വത്തുക്കള്‍ മാത്രമല്ല, ഈ വരുമാനവുമായി ബന്ധമുള്ള മറ്റു കുറ്റകൃത്യങ്ങളില്‍നിന്ന് ലഭിച്ച പണവും ഇതില്‍ ഉള്‍പ്പെടുമെന്ന് ഏജന്‍സിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്. വി. രാജു പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്റു 1937 ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎല്‍ യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേടും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്. 2014 ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ നിന്നാണ് 2021 ല്‍ ഇഡി അന്വേഷണം ആരംഭിച്ചത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് യങ് ഇന്ത്യ വഴി 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ വഞ്ചനാപരമായി ഏറ്റെടുത്തെന്നാണ് പരാതിയിലെ ആരോപണം. നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎല്‍ യങ് ഇന്ത്യന്‍ ലിമിറ്റഡ് ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്.

Leave A Reply

Your email address will not be published.