പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത ഹരിത പഞ്ചായത്തായും അതിദാരിദ്ര്യമുക്ത പഞ്ചായത്തായും പ്രഖ്യാപിച്ച് നിയമസഭ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ.
തലശ്ശേരി: പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത ഹരിത പഞ്ചായത്തായും അതിദാരിദ്ര്യമുക്ത പഞ്ചായത്തായും പ്രഖ്യാപിച്ച് നിയമസഭ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ.
ഉജ്ജീവനം പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് ഉപകരണ വിതരണവും നടത്തി. എൽഡിഎഫ് സർക്കാർ കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം എല്ലാകാര്യത്തിലും ഒന്നാമതാണ്. അതിന്റെ പേരിൽ കേന്ദ്രം സംസ്ഥാനത്തിന് നൽകേണ്ട ന്യായമായ ധനവിഹിതം പോലും നൽകാതിരിക്കുകയാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. പൊതുസ്ഥലത്ത് മാലിന്യം പുറന്തള്ളുന്നവർക്കെതിരെ കർശനമായ നിലപാട് സ്വീകരിക്കണമെന്നും മാലിന്യ സംസ്കരണത്തിൽ കൃത്യമായ അവബോധം ജനങ്ങൾക്ക് ഉണ്ടാകണമെന്നും ഹരിത കർമ്മ സേനാ പ്രവർത്തകർക്ക് കൃത്യമായ യൂസർ ഫീ നൽകണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ മിനി എംസിഎഫുകൾ സ്ഥാപിച്ചിരിക്കുന്നത് പന്ന്യന്നൂർ പഞ്ചായത്തിലാണ്. ഇവിടെ 91 മിനി എംസിഎഫുകളാണുള്ളത്. പഞ്ചായത്തിലെ അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിനായി പൊതുസ്ഥലങ്ങളിൽ 33 ബിന്നുകൾ, ബോട്ടിൽ ബൂത്തുകൾ, എംസിഎഫ് കെട്ടിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാമുണ്ട്. 16 അംഗ ഹരിതകർമ്മ സേനയാണ് ഇവിടെ പ്രവർത്തിക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും അംഗൻവാടികളും സർക്കാർ ഓഫീസുകളും ഹരിത സ്ഥാപനങ്ങളായി മുന്നേതന്നെ സ്വയം പ്രഖ്യാപനം നടത്തിയിരുന്നു. കൂടാതെ പന്ന്യന്നൂർ, ചമ്പാട്, മേലെ ചമ്പാട് പ്രദേശങ്ങളും ശുചിത്വടൗണുകളായി പ്രഖ്യാപിച്ചിരുന്നു.
പഞ്ചായത്തിലെ ശുചിത്വ പ്രവർത്തനങ്ങളെ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഹരിത മിത്രം ആപ്പ് ഉപയോഗിച്ചാണ് സേവനം നടത്തിവരുന്നത്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് എൻഫോഴ്സസ്മെന്റ് രൂപീകരിച്ച് പരിശോധനകൾ നടത്തിവരുന്നുണ്ട്. ഇവർ ഈ വർഷം ഇതുവരെയായി വിവിധ സ്ഥാപനങ്ങളും വീടുകളും സന്ദർശിച്ച് 1,66,500 രൂപ പിഴ ഈടാക്കിയിട്ടുമുണ്ട്.
അതിദാരിദ്ര്യമുക്ത പഞ്ചായത്തിനായി അതിദാരിദ്ര്യവിഭാഗത്തിൽപ്പെട്ട 57 കുടുംബങ്ങളെ കണ്ടെത്തി പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും അതിൽ അഞ്ചുപേർ മരണപ്പെട്ടു. ശേഷിച്ച 52 ഗുണഭോക്താക്കൾക്കും പാർപ്പിട സൗകര്യം, ആവശ്യമായ ചികിത്സ, ഭക്ഷണം, മരുന്ന്, വീട് അറ്റകുറ്റപ്പണി തുടങ്ങിയ സേവനങ്ങൾ നൽകി, ആദ്യഘട്ടത്തിൽ 44 പേരെയും രണ്ട്, മൂന്ന് ഘട്ടങ്ങളിലായി നാലു പേരെ വീതവുമാണ് അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിച്ചത്.
പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.മണിലാൽ അധ്യക്ഷനായി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വിഇഒ കെ.വി. ജലാലുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. രമ, ജില്ലാ പഞ്ചായത്ത് മെമ്പർ ഇ.വിജയൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർമാൻ പി.പി. സുരേന്ദ്രൻ, മൂന്നാം വാർഡ് മെമ്പർ ശരണ്യ സുരേന്ദ്രൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.എം.ഷീജ, രാഷ്ട്രീയ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.