Latest News From Kannur

ഇന്ത്യയിലെ പണക്കാരനായ എംഎല്‍എയുടെ ആസ്തി 3400 കോടി; ‘പാവപ്പെട്ട’ എംഎല്‍എയുടെത് 1700 രൂപ; കേരളത്തിലെ കണക്കുകള്‍ അറിയാം

0

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ധനികനായ എം.എല്‍.എ മുംബൈ ഘട്കോപാര്‍ ഈസ്റ്റ് മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എ പരാഗ് ഷായെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) റിപ്പോര്‍ട്ട്. 34,00 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. പശ്ചിമബംഗാളിലെ ഇന്ദാസ് മണ്ഡലത്തിലെ എംഎല്‍എയായ നിര്‍മല്‍ കുമാര്‍ ധരയാണ് ഏറ്റവും സ്വത്ത് കുറഞ്ഞ എംഎല്‍എ. വെറും 1,700 രൂപയുടെ സ്വത്താണ് ഇയാള്‍ക്കുള്ളത്.

1,413 കോടി രൂപയിലേറെ ആസ്തിയുമായി കര്‍ണാടകയിലെ കനകപുര മണ്ഡലത്തിലെ എംഎല്‍എയും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറാണ് രണ്ടാമത്. എഡിആര്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വത്തുള്ളത് നിലമ്പൂര്‍ മുന്‍ എംഎല്‍എയായ പി.വി. അന്‍വറിനാണ്. 64.14 കോടി രൂപയുടെ സ്വത്തുള്ള അദ്ദേഹം രാജ്യത്തെ ഏറ്റവും കൂടുതല്‍ സ്വത്തുള്ള എംഎല്‍എമാരുടെ പട്ടികയില്‍ 208-ാമതാണ്. സ്വത്തിന്റെ കാര്യത്തില്‍ കേരളത്തിലെ രണ്ടാമനായ മാത്യു കുഴല്‍നാടന്‍ ദേശീയതലത്തില്‍ 379-ാമതാണ്. 34.77 കോടിയാണ് മൂവാറ്റുപുഴ എംഎല്‍എയുടെ ആകെ സ്വത്ത് മൂല്യം. 481-ാമതുള്ള പാല എം.എല്‍.എ മാണി സി. കാപ്പന്‍ (27.93 കോടി), 664-ാമതുള്ള പത്തനാപുരം എം.എല്‍.എ കെബി ഗണേഷ്‌കുമാര്‍ (19.38 കോടി) എന്നിവരാണ് കേരളത്തിലെ കണക്കില്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.

തെരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങള്‍ വിശകലനം ചെയ്താണ് എഡിആര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലേയും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലേയും 4,092 എംഎല്‍എമാരുടെ സ്വത്തുവിവരങ്ങളാണ് എഡിആര്‍ പരിശോധിച്ചത്. രാജ്യത്തെ ഏറ്റവും ധനികരായ പത്ത് എംഎല്‍എമാരില്‍ നാലുപേര്‍ ആന്ധ്ര പ്രദേശില്‍ നിന്നാണ്. ധനികരായ 20 പേരുടെ പട്ടികയില്‍ ആന്ധ്രയ്ക്ക് ഏഴുപേരുണ്ട്. ഹിന്ദുപുര്‍ എംഎല്‍എയും നടനുമായ നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യയും ഐടി മന്ത്രി നര ലോകേഷും ഈ പട്ടികയിലുണ്ട്. ബാലയ്യയുടെ മകളുടെ ഭര്‍ത്താവാണ് നര ലോകേഷ്.

Leave A Reply

Your email address will not be published.