Latest News From Kannur

‘കൊല്ലുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി, തലേദിവസം അവള്‍ പറഞ്ഞിരുന്നു’, കൊലപാതകി രക്ഷപ്പെട്ടത് ആതിരയുടെ സ്കൂട്ടറില്‍

0

തിരുവനന്തപുരം: കഠിനംകുളത്ത് വീട്ടിൽ കയറി യുവതിയെ കഴുത്തറുത്തു കൊന്ന സംഭവത്തിൽ വധിക്കുമെന്ന ഭീഷണി നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ. വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് സ്വദേശി ആതിര (30) ആണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാൾ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ഭർത്താവ് രാജീവിനോട് ആതിര തിങ്കളാഴ്ച പറഞ്ഞിരുന്നു. എന്നാൽ ഇത് രാജീവ് പുറത്തു പറഞ്ഞിരുന്നില്ല. ആതിര കൊല്ലപ്പെട്ട ശേഷമാണ് രാജീവ് ക്ഷേത്ര ഭാരവാഹികളിൽ ചിലരോടും പൊലീസിനോടും ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇത് പുറത്തു പറഞ്ഞാൽ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞിരുന്നുവെന്നും അതുകൊണ്ടാണ് ആരേയും ഇക്കാര്യം അറിയിക്കാതെയിരുന്നതെന്നും രാജീവ് പറഞ്ഞു.

ആതിര കൂടുതൽ സമയം സമൂഹമാധ്യമത്തിൽ ചെലവഴിക്കുന്നതു പലതവണ വിലക്കിയിട്ടുണ്ടെന്നും രാജീവ് പൊലീസിനു മൊഴി നൽകി. അതേസമയം ആതിര സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടുവെന്നു കരുതുന്ന എറണാകുളം സ്വദേശിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. നാല് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. പ്രതി ട്രെയിനിൽ കയറി കടന്നു കളഞ്ഞെന്നാണ് നിഗമനം. കൊലപാതകത്തിന് ശേഷം ആതിരയുടെ സ്കൂട്ടറിലാണ് പ്രതി സംഭവ സ്ഥലത്തു നിന്നും കടന്നത്. സ്കൂട്ടർ ചിറയിൻകീഴ് റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ആതിരയുടെ ഭർത്താവ് ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ രാജീവ് രാവിലെ പതിനൊന്നരയോടെ വീട്ടിലെത്തിയപ്പോഴാണ് ആഴത്തിൽ കത്തി കുത്തിയിറക്കി കഴുത്തു മുറിച്ച നിലയിൽ മൃതദേഹം കണ്ടത്. ആറു വയസ്സുകാരനായ മകനെ സ്കൂൾ ബസിൽ കയറ്റിവിടാൻ രാവിലെ എട്ടരയോടെ ആതിര എത്തിയത് അയൽക്കാർ കണ്ടിരുന്നു. കായംകുളം സ്വദേശിയായ രാജീവ് 24 വർഷമായി ഭരണിക്കാട് ഭഗവതി ക്ഷേത്ര പൂജാരിയാണ്.

Leave A Reply

Your email address will not be published.