Latest News From Kannur

നരേന്ദ്ര മോദിക്ക് കുവൈത്തിൽ ഉയർന്ന സിവിലിയൻ ബഹുമതി; പ്രധാനമന്ത്രിക്ക് ലഭിക്കുന്ന 20-ാമത് അന്താരാഷ്ട്ര അവാർഡ്

0

കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിന് കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിലെ ഉയർന്ന സിവിലിയൻ ബഹുമതി. കുവൈത്തിൻ്റെ വിശിഷ്ട മെഡലായ മുബാറക് അൽ കബീർ മെഡൽ കുവൈത്ത് അമീർ സമ്മാനിച്ചു. കുവൈത്ത് പ്രധാനമന്ത്രിയുമായും മോദി കൂടിക്കാഴ്‌ച നടത്തി. മോദിക്ക് മറ്റൊരു രാജ്യം സമ്മാനിക്കുന്ന 20-ാമത് അന്താരാഷ്ട്ര അവാർഡാണിത്. മുമ്പ് ബിൽ ക്ലിന്റ്റൺ, ജോർജ് ബുഷ് എന്നീ നേതാക്കൾക്കും ഈ അവാർഡ് ലഭിച്ചിരുന്നു. കുവൈത്ത് സന്ദർശിക്കാനെത്തിയ മോദിക്ക് വൻ സ്വീകരണമാണ് ഒരുക്കിയത്. ബയാൻ പാലസിൽ അദ്ദേഹത്തിന് ഔദ്യോഗിക ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. ചടങ്ങിൽ കുവൈത്ത് അമീറും പങ്കെടുത്തു.

അറേബ്യൻ മേഖലയിലെ ഫുട്ബോൾ ജേതാക്കളെ തീരുമാനിക്കുന്ന അറേബ്യൻ ഗൾഫ് കപ്പിന്റെ ഉദ്ഘാടന വേദിയിൽ മുഖ്യാതിഥിയായി മോദി പങ്കെടുത്തിരുന്നു.

ഇന്നലെ കുവൈത്തിലെ ഇന്ത്യൻ സമൂഹത്തോട് മോദി സംസാരിച്ചു. മംഗഫിലുണ്ടായ തീപിടിത്ത അപകടം പരാമർശിച്ച മോദി കുവൈത്തിനെ നന്ദി അറിയിച്ചു. അനേകം ഇന്ത്യക്കാർ കൊല്ലപ്പെട്ട അപകടം വലിയ ഹൃദയവേദനയുണ്ടാക്കി. കുവൈത്ത് സർക്കാർ വളരെയധികം സഹായിച്ചെന്നും ഒരു സഹോദരനെപ്പോലെ ഒപ്പം നിന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കുവൈത്തിന് അഭിവാദ്യം അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മംഗഫ് തീപ്പിടുത്തത്തിൽ മരിച്ചതിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. അതിൽ 24 പേർ മലയാളികളും ആയിരുന്നു. ലോകത്തിന്റെ വളർച്ചയുടെ എഞ്ചിനായി ഇന്ത്യ മാറുമെന്ന് കുവൈത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. കുവൈത്തിനുൾപ്പടെ ലോകത്തിനാവശ്യമായ കഴിവുള്ള പ്രതിഭകളെ നൽകാൻ ഇന്ത്യ സജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യു.പി.ഐ പേമെന്റ്റ് കുവൈത്തിൽ നടപ്പാക്കുന്ന കാര്യത്തിലും പ്രഖ്യാപനം പ്രതീക്ഷിക്കുന്നുണ്ട്. ബാങ്കിങ്, ഐ.ടി, ഫാർമസ്യൂട്ടിക്കൽ മേഖലകളിൽ കുവൈത്തുമായി കൂടുതൽ സഹകരണമാണ് കുവൈത്ത് സന്ദർശനത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

Leave A Reply

Your email address will not be published.