തലശ്ശേരി: തലശ്ശേരിയിൽ കാർ ഷോറൂമിന്റെ യാർഡിൽ സൂക്ഷിച്ച കാറുകൾക്ക് തീയിട്ടു. മൂന്ന് കാറുകൾ കത്തിനശിച്ചു. ചൊവ്വാഴ്‌ച പുലർച്ചെ 3.40- നാണ് സംഭവം. പുറമെനിന്ന് എത്തിയ അജ്ഞാതൻ കാറിനുമുകളിൽ ദ്രാവകം ഒഴിച്ച് തീ കൊടുക്കുന്നതിൻ്റെ സി.സി.ടി.വി. ദൃശ്യം കണ്ടെത്തി. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി.
മാരുതി ഗ്രാൻഡ് വിറ്റാരയുടെ ഒരു കാറും മാരുതി ഫ്രോങ്ക്സിന്റെ രണ്ടു കാറുമാണ് പൂർണമായി കത്തിനശിച്ചത്. 40 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി മാനേജർ ടി. പ്രവീഷ് പറഞ്ഞു. ചിറക്കര പള്ളിത്താഴെ ഇൻഡസ് ഗ്രൂപ്പിന്റെ നെക്‌സ ഷോറൂമിലാണ് സംഭവം. ഉപഭോക്താക്കൾക്ക് നൽകാൻ എത്തിച്ച പുതിയ കാറുകൾക്കാണ് തീപിടിച്ചത്.