ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ഹരിയാനയില്‍ ബിജെപിയുടെ ലീഡ് നില കുതിച്ചതോടെ അമ്പരന്ന് കോണ്‍ഗ്രസ് നേതൃത്വം. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വ്യക്തമായ ലീഡ് പുലര്‍ത്തിയിരുന്ന കോണ്‍ഗ്രസിന്റെ ലീഡ് രണ്ടാം മണിക്കൂറില്‍ കുത്തനെ കുറഞ്ഞു. എഐസിസി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷം തുടരുന്നതിനിടെയാണ് ലീഡ് മാറി മറിഞ്ഞത്. ഇതോടെ ആഘോഷം നിര്‍ത്തിവയ്ക്കാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചു.
ഹരിയാനയില്‍ നിലവില്‍ ബിജെപി 49 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 36സീറ്റുകളിലേക്ക് ഒതുങ്ങി. മൂന്ന് സീറ്റുകളില്‍ സ്വതന്ത്രരുമാണ് ലീഡ് ചെയ്യുന്നത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റാണ് വേണ്ടത്. ഹരിയാനയിലെ ഗ്രാമീണ മേഖലയിലെ മുന്നേറ്റം കോണ്‍ഗ്രസിന് നഗരമേഖലയില്‍ തുടരാനായില്ല. ഗുസ്തി താരം വിനേഷ് ഫോഗട്ടും ജുലാന മണ്ഡലത്തില്‍ പിന്നിലാണ്. ആം ആദ്മി പാര്‍ട്ടിക്ക് ഹരിയാനയില്‍ ഒരു സീറ്റിലും മുന്നിലെത്താനായില്ല.ജമ്മുകശ്മീരില്‍ കോണ്‍ഗ്രസിനും ഇന്ത്യ സഖ്യത്തിനും വന്‍ മുന്നേറ്റം. ഇന്ത്യാ സഖ്യം 52 സീറ്റുകളില്‍ മുന്നേറുമ്പോള്‍ ബിജെപി 22 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. എന്‍സിയുടെ ഒമര്‍ അബ്ദുല്ലയും പിഡിപിയുടെ മെഹബൂബ മുഫ്തിയും മത്സരിച്ച രണ്ടിടങ്ങളിലും മുന്നിലാണ്. ഹരിയാനയില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും ജമ്മുകശ്മീരില്‍ തൂക്ക് സഭയാണെന്നുമുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കിടെയാണ് ഫലം പുറത്തുവരുന്നത്. രണ്ടിടങ്ങളിലും ബിജെപിയും ഇന്ത്യ സഖ്യവും പ്രതീക്ഷയിലാണ്.