ന്യൂഡല്‍ഹി: കേരളത്തില്‍ തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധന. 2022-23 ല്‍ എഴു ശതമാനമായിരുന്ന നിരക്ക് 2023-24 ല്‍ 7.2 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ ഫോഴ്സ് സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. 2017 മുതല്‍ 2022 വരെയുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ നിരക്ക് കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗോവ(8.5%)കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ള സംസ്ഥാനം കേരളമാണ്. 15 മുതല്‍ 29 വയസ് വരെയുള്ളവര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ള സംസ്ഥാനവും കേരളമാണ്(29.9%).രാജ്യത്ത് 2023-24-ലും 15 വയസിന് മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമായി തുടരുന്നു. കേരളത്തിന്റെ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമാണ്. അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്- 3.5 ശതമാനം, കര്‍ണാടക- 2.7, ആന്ധ്രപ്രദേശ്- 4.1 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍. കേരളം കഴിഞ്ഞാല്‍ തൊഴിലില്ലായ്മയില്‍ നാഗാലാന്‍ഡ്, മേഘാലയ, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നി സംസ്ഥാനമാണ് തൊഴിലില്ലായ്മയില്‍ മുന്നിലുള്ള സംസ്ഥാനങ്ങള്‍.
രാജ്യത്ത് സ്ത്രീകളുടെയും യുവാക്കളുടെയും തൊഴിലില്ലായ്മ നിരക്ക് മുന്‍ വര്‍ഷത്തെക്കാള്‍ ഉയര്‍ന്നതായാണ് സര്‍വേ ഫലങ്ങള്‍. രാജ്യത്ത് 15-നും 29-നും ഇടയില്‍ പ്രായമുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് 10 ശതമാനത്തില്‍ നിന്നും 10.2 ശതമാനത്തിലേക്ക് ഉയര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു.