തദ്ദേശ സ്വയം ഭരണ ഉപതിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം വ്യാഴാഴ്ച വരെ മുന്നൊരുക്കങ്ങൾ ജില്ലാ കലക്ടർ വിലയിരുത്തി
തലശ്ശേരി : ജില്ലയിലെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിൽ ജൂലൈ 30 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങൾ ജില്ലാ കലക്ടർ വിലയിരുത്തി.
ഉപതിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും, പോലീസ് ഉദ്യോഗസ്ഥരുടെയും യോഗം വരണാധികാരികൾ വിളിച്ചു ചേർക്കണമെന്നും യോഗത്തിൻ്റെ മിനുട്‌സ് ജില്ലാ കലക്ടറുടെ ഓഫീസിൽ നൽകണമെന്നും കലക്ടർ യോഗത്തിൽ നിർദേശിച്ചു.
ഉപതിരഞ്ഞെടുപ്പിനായി നിയോജക മണ്ഡലത്തിലെ പൊതുവായ ക്രമസമാധാനപാലനത്തിനും , വിതരണ/സ്വീകരണ/വോട്ടെണ്ണൽ ,കേന്ദ്രങ്ങളായി നിശ്ചയിച്ച കെട്ടിട പരിസരത്തും പോളിംഗ് സ്റ്റേഷനുകളിലും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനും, സ്ട്രോങ്ങ് റൂമിന് ആവശ്യമായ പാറാവ് നൽകുന്നതിനുമുള്ള നടപടികൾ പോലീസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് വരണാധികാരികൾ നടപടി സ്വീകരിക്കണമെന്നും കലക്ടർ നിർദേശിച്ചു.
തലശ്ശേരി നഗരസഭയിലെ വാർഡ് 18 പെരിങ്കളം (ജനറൽ), കാങ്കോൽ ആലപ്പടമ്പ ഗ്രാമ പഞ്ചായത്തിലെ വാർഡ് ഏഴ് ആലക്കാട് ( സ്ത്രീ സംവരണം), പടിയൂർ കല്ല്യാട് ഗ്രാമ പഞ്ചായത്തിലെ വാർഡ് ഒന്ന് മണ്ണേരി(സ്ത്രീ സംവരണം) എന്നിവടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
നാമ നിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ജൂലൈ 12 ന് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്. വോട്ടെണ്ണൽ ജൂലൈ 31 ന് രാവിലെ 10 മണിക്ക് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം ജൂലൈ രണ്ട് മുതൽ നിലവിൽ വന്നു.
യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ബി രാധാകൃഷ്ണൻ, വരണാധികാരികൾ, ഉപവരണാധികാരികൾ മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.