പാനൂർ : നഗരത്തിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്കും അതുവഴി ജനജീവിതത്തിലുണ്ടാകുന്ന വിഷമതകളും പരിഹരിക്കാതെ , പ്രയാസങ്ങൾ കണ്ട് ആസ്വദിക്കുന്ന പാനൂർ നഗരസഭ ചെയർമാൻ സ്ഥാനമൊഴിയണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.
ജനദ്രോഹപരമായ വികസനം ചോദിച്ചു വാങ്ങി , നഗരസഭ അതിന്റെ പ്രത്യാഘാതങ്ങൾ പരിഹരിക്കുവാൻ ശ്രമിക്കുന്നില്ല. ലക്ഷങ്ങൾ ചെലവാക്കി പാനൂർ ടൗണിനെ ഇല്ലാതാക്കാൻ നടത്തിയ ധൂർത്താണ് ഇത്. ജനപ്രതിനിധി എന്ന നിലയിൽ കടമ മറക്കുകയാണ് ചെയർമാൻ ചെയ്യുന്നത്. നിരന്തരമുണ്ടാകുന്ന ഗതാഗതക്കുരുക്ക് , പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ , മലിനജലം നിറഞ്ഞ ഓടകൾ , നടന്ന് പോകാനാവാത്ത ഫുട്പാത്ത് , ക്രമരഹിതമായ വാഹന പാർക്കിങ്ങ് , രാത്രിയിൽ കത്താത്ത തെരുവ് വിളക്കുകൾ , പൊട്ടിപ്പൊളിഞ്ഞ റോഡുകൾ , ശല്യമാകുന്ന തെരുവുനായകൾ തുടങ്ങി ഏറെ പ്രയാസങ്ങൾ കാരണം ജനങ്ങൾ പാനൂർ ടൗണിലേക്ക് വരാൻ മടിക്കുന്നു. ഇതൊന്നും പരിഹരിക്കാതെ അനങ്ങാപ്പാറ നയമാണ് നഗരസ അധികൃതർ സ്വീകരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ വ്യാപാരം നടക്കാതെ പൂട്ടുന്ന സ്ഥിതി വരുന്നു. ലക്ഷക്കണക്കിന് രൂപ തൊഴിൽ നികുതിയായി പിരിച്ചെടുക്കുന്ന നഗരസഭ പ്രശ്നങ്ങളും പ്രയാസങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണ്. സഞ്ചാര സ്വാതന്ത്ര്യവും ജീവിക്കുവാനുള്ള അവകാശവും ഹനിക്കപ്പെടുന്ന അവസ്ഥയിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നോട്ടു പോകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് കെ.കെ.പുരുഷോത്തമൻ , ട്രഷറർ എൻ വത്സലൻ ,എം.ടി.കെ.ദിനേശൻ ,കെ. രാജൻ എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.