മാഹി: പ്രത്യേകമായ ഒരു ചരിത്രസന്ദർഭത്തിലാണ് സംസ്ഥാന ചിത്ര–-ശിൽപകലാ സംഗമത്തിന് മാഹി പുത്തലം വേദിയായത്. ഹരിജൻഫണ്ട് സമാഹരണത്തിനെത്തിയ ഗാന്ധിജി പ്രസംഗിച്ച ക്ഷേത്രമുറ്റം അങ്ങനെ കമ്യൂണിസ്‌റ്റ് ആചാര്യന്റെ വാക്കുകൾക്കും അന്ന് സാക്ഷിയായി. ആർടിസ്‌റ്റ് നമ്പൂതിരി ഇഎംഎസിനെ ആദ്യമായും അവസാനമായും വരച്ചത് മുപ്പതാണ്ട് മുൻപ് ഈ ക്ഷേത്രമുറ്റത്തിരുന്നാണ്. വരയുടെ തമ്പുരാൻ ഇഎംഎസിനെ രേഖാചിത്രങ്ങളിൽ കോറിയിട്ട ആ നിമിഷത്തിന് സാക്ഷിയാവാൻ ഒരുപാട് പേർ ക്ഷേത്രമുറ്റത്ത് തടിച്ചുകൂടി. നമ്പൂതിരി വരയുന്ന നേരമത്രയും ഇഎംഎസ് ക്ഷേത്രമുറ്റത്ത് ഇരുന്നു. എല്ലാം കഴിഞ്ഞ് നമ്പൂതിരി ആ രേഖാചിത്രം കാണിച്ചപ്പോൾ നിറഞ്ഞ ചിരിയായിരുന്നു മറുപടി. അതിൽ എല്ലാം അടങ്ങിയിരുന്നു. ഏതാനും വാക്കുകളിൽ വിശേഷങ്ങൾ ചോദിച്ച് മടങ്ങുകയും ചെയ്‌തു. വാഗ്‌ഭടാനന്ദഗുരുവും മണ്ണന്തല നീലകണ്‌ഠൻ മൂസതും തമ്മിലുള്ള സംവാദ വേദികൂടിയായതും പുത്തലമായിരുന്നുവെന്ന് സാന്ദർഭികമായി ഓർത്തുപോവുന്നു. (ശ്രീനാരായണഗുരു ജഗന്നാഥക്ഷേത്ര പ്രതിഷ്‌ഠ നടത്തിയപ്പോൾ ഗുരുവുമായി തർക്കത്തിന് വന്നതും ഈ മണ്ണന്തല മൂസതായിരുന്നു).
മുൻ മാഹി എം എൽ എ കെ വി രാഘവൻ, ഡോ കെ പി മോഹനൻ, പി പി രാമകൃഷ്‌ണൻ, കവിയൂർ രാജഗോപാലൻ, ഒ. പി രാഘവൻ, മുക്കത്ത് ജയൻ, പി നാണു, കെ പത്മനാഭൻമാസ്‌റ്റർ, വി കെ സുരേഷ്‌ബാബു, പൊന്ന്യംചന്ദ്രൻ, വി ജനാർദനൻ… തുടങ്ങിയവരായിരുന്നു ചിത്ര–-ശിൽപകലാസംഗമത്തിന്റെ സംഘാടനത്തിന്റെ മുൻനിരയിൽ. കരിവെള്ളൂർ മുരളി, കെ സി ഉമേഷ്‌ബാബു, കുഞ്ഞപ്പ പട്ടാന്നൂർ ഉൾപ്പെടെ സാഹിത്യസംഘത്തിന്റെ അന്നത്തെ ജില്ല നേതൃത്വമാകെ മാഹിയിലെത്തി പ്രവർത്തനത്തിന് നേതൃത്വം നൽകി. സുപ്രണ്ട് ബാലേട്ടൻ, കെ സി ചന്ദ്രൻ.എ എം നാണു മാഷ് … തുടങ്ങി മാഹിയിലെ സർവീസ് സംഘടനാ നേതാക്കളാകെ ക്യാമ്പിനൊപ്പമുണ്ടായി. സംഘാടക സമിതി അംഗങ്ങളായി ക്യാമ്പ് വിജയിപ്പിക്കാൻ പരിശ്രമിച്ച ഒരു പാട് സഖാക്കളുണ്ട്. മാഹിയിൽ പ്രാദേശികമായി കലാസാംസ്‌കാരിക പ്രവർത്തകരുടെ യോഗങ്ങൾ ചേർന്നു. സംസ്ഥാനമാകെ ശ്രദ്ധിക്കുന്ന കലാകാരന്മാരുടെ ഒത്തുചേരലായി മാഹിപുത്തലം ക്യാമ്പും മാഹി ടൗണിലെ ചിത്രകലാപ്രദർശനവും മാറി. എം എൻ വിജയൻമാഷ് ആദ്യാവസാനം ക്യാമ്പിലുണ്ടായിരുന്നു. വിജയകുമാർ മേനോൻ, മുരളിനാഗപ്പുഴ, സി കെ രാമചന്ദ്രൻ ഉൾപ്പെടെ ഒട്ടേറെ പ്രശസ്‌തർ ആ ക്യാമ്പിലെത്തി. പുകസയുടെ മാഹി യൂണിറ്റ് സെക്രട്ടറിയും മേഖലകമ്മിറ്റി അംഗവുമെന്ന നിലയിൽ സംഘാടകസമിതി ജോയന്റ് കൺവീനറായി പ്രവർത്തിക്കാൻ സാധിച്ചതും ഓർക്കുന്നു.
പെരുമ്പാവൂർ സമ്മേളനത്തിന് പിന്നാലെയാണ് ഇത്തരമൊരു വേദി മയ്യഴിയിൽ ഒരുക്കിയത്. കടുത്ത കമ്യൂണിസ്‌റ്റ് വിമർശകനായിരുന്ന എം വി ദേവൻ ഉൾപ്പെടെയുള്ളവരെയടക്കം ക്യാമ്പിലേക്ക് ക്ഷണിച്ചതും അദ്ദേഹം സംസാരിച്ചതും വലിയ വാർത്തയായിരുന്നു. തെറ്റായ ചില നിലപാടുകളെയും സമീപനങ്ങളെയും കുടഞ്ഞെറിഞ്ഞ് മാഹിയിലെ ഇടതുപക്ഷ രാഷ്‌ട്രീയം കൂടുതൽ കരുത്തോടെ മുന്നോട്ട് പോവുന്ന സന്ദർഭത്തിലായിരുന്നു സംസ്ഥാന ക്യാമ്പ്. അതിന് മുൻപ് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലപഠന സ്‌കൂളിനും മാഹി വേദിയായി. ഒരു കാര്യകൂടി: അന്ന് നമ്പൂതിരി വരച്ച ക്യാൻവാസ് ആരുടെ കൈയിലാണെന്നത് ഇന്നും വ്യക്തമല്ല. ആ ഘട്ടത്തിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ആരുടെയെങ്കിലും കൈവശം അമൂല്യമായ ആ ചിത്രം ഉണ്ടെങ്കിൽ അതുകൂടി ഈ വാർഷികത്തിൽ പ്രദർശിപ്പിക്കാമായിരുന്നു. മാഹിയിൽ എക്കാലവും സൂക്ഷിക്കേണ്ട വിലമതിക്കാനാവാത്ത ഒരു ക്യാൻവാസ് തന്നെയാണത്.
Sign in
Sign in
Recover your password.
A password will be e-mailed to you.