തൃശൂര്‍: ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം നേടിയതിന്റെ നിറവില്‍ ആയിരങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദ്വാദശി പണം സമര്‍പ്പിച്ചു. നാമജപങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പുലര്‍ച്ചെ കുളിച്ചു ശുദ്ധിയായാണ് ഭക്തര്‍ കൂത്തമ്പലത്തില്‍ ദ്വാദശി പണം സമര്‍പ്പിച്ചത്. ദേവസ്വം ചെയര്‍മാന്‍ ഡോ വി കെ വിജയനും ദേവസ്വം ഭരണസമിതി അംഗങ്ങളും ചടങ്ങിന് തുടക്കമിട്ടു.വൈകുന്നേരം 3.30 ന് ക്ഷേത്രനട തുറന്നാല്‍ പതിവ് ദര്‍ശനം തുടരും. ഇന്നലെ രാത്രി പതിനായിരത്തിലേറെ ചുറ്റുവിളക്കുകളില്‍ നറുനെയ് ദീപം തെളിയിച്ചതോടെ ഭക്തിപ്രഭാവലയത്തിലായിരുന്നു ഗുരുവായൂര്‍.