പാനൂർ:നവംബർ 22ന് പാനൂരിൽ നടക്കുന്ന കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ പൂർത്തിയായെന്നും അനുബന്ധ പരിപാടികൾ വൻജനപങ്കാളിത്തത്തോടെ നടന്നു വരികയാണെന്നും സംഘാടക സമിതി ചെയർമാൻ കെ.പി.മോഹനൻ എം.എൽ.എ , ജനറൽ കൺവീനർ എ.എൻ.ശ്രീലകുമാരി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പഞ്ചായത്ത് / നഗരസഭാതലങ്ങളിൽ സംഘാടക സമിതി രൂപീകരിച്ച് വിവിധങ്ങളായ പരിപാടികൾസംഘടിപ്പിച്ചിട്ടുണ്ട്.മണ്ഡലത്തിലെ 172 ബൂത്തുകളിലായി എണ്ണൂറോളം വീട്ടുമുറ്റ സദസ്സുകള്‍ പൂര്‍ത്തിയായിട്ടുണ്ട്.
കായികം -ആരോഗ്യം -വിദ്യാഭ്യാസം എന്ന വിഷയത്തിൽ സെമിനാർ, സ്കൂൾ വിദ്യാർഥികൾക്കായി മെഗാ ക്വിസ് എന്നിവ നടന്നു കഴിഞ്ഞു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ജനസമക്ഷം അവതരിപ്പിക്കുന്നതിന് ഡിജിറ്റൽ വാൾ പ്രദർശനവും ഫ്ളാഷ് മോബും നവം.17, 18, I9 തിയ്യതികളിലായി നടക്കും. സർക്കാർ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളും നടന്നു വരുന്നു. കുത്തുപറമ്പ് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ ദന്തപരിശോധനാ ക്യാമ്പ്, കാൻസർ രോഗനിർണയം, കൂട്ടനടത്തം എന്നിവ നടക്കും. 17 ന് ആയൂർവേദആശുപത്രിയുടെ നേതൃത്വത്തിൽ കുത്തുപറമ്പ് സ്റ്റേഡിയം പവലിയനിൽ ആരോഗ്യ ക്യാമ്പ്, യോഗ – ഔഷധ സസ്യ പ്രദർശനം എന്നിവ നടക്കും. 17 ന് രാവിലെ 10ന് പാനൂർ ഗവ.എൽ.പി.സ്കൂളിൽ വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംരംഭകത്വ മീറ്റ് സംഘടിപ്പിക്കും. മൊകേരിയിൽ ക്ഷീര കർഷകർക്ക് ക്ലാസും ധാതുലവണ – വിരമരുന്ന് വിതരണവും നടക്കും. 18 ന് പാനൂർ പി.ആർ.എം. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നടക്കുന്ന ചിത്രകാര സംഗമവും മുഖാമുഖം ചിത്രരചനയും ലളിതകലാ അക്കാദമി വൈസ് ചെയർമാൻ എബി എൻ ജോസഫ് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. 19 ന് രാവിലെ ആറര മണിയ്ക്ക് പൂക്കോത്ത് നിന്ന് കൂത്തുപറമ്പിലേക്ക് മിനി മാരത്തോൺ മത്സരം നടക്കും. കണ്ണൂർ സിറ്റി ജില്ലാ പോലീസ് സൂപ്രണ്ട് അജിത്ത് കുമാർ ഫ്ലാഗ് ഓഫ് ചെയ്യും. കൂത്തുപറമ്പിൽ സമാപിക്കും.
വിജയികൾക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്യാഷ് പ്രൈസ് നൽകും.
രാവിലെ 10ന് പാനൂർ പി.ആർ.എം.സ്കൂളിൽ അണ്ടർ 14, 20 വിഭാഗങ്ങളിലായി ചെസ് മത്സരവും നടത്തും. 20ന് വൈകീട്ട് ബൈക്ക് റാലിയും പാനൂരിൽ വിളംബര ഘോഷയാത്രയും നടക്കും.
നൃത്തം, പാട്ടുവണ്ടി, ബോധവത്ക്കരണ പരിപാടികള്‍ എന്നിവ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്.
22ന് രാവിലെ 9.30ന് പൂക്കോം റോഡിലെ വാഗ്ഭടാനന്ദ ഗുരു നഗറിലാണ് മണ്ഡലതല നവകേരള സദസ്സ് നടക്കുക. ജനങ്ങൾക്ക് പരാതികളും വികസന നിർദേശങ്ങളും നൽകാൻ പ്രത്യേക കൗണ്ടറുകളും ഗ്രൗണ്ടിൽ ഒരുക്കുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പാര്‍ക്കിംഗ് സൗകര്യമുള്‍പ്പെടെ ഏര്‍പ്പെടുത്തുന്നുണ്ട്. സദസ്സിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറും.
വാർത്താ സമ്മേളനത്തിൽ പ്രചാരണ വിഭാഗം സബ് കമ്മിറ്റി ചെയർമാൻ പി.വത്സൻ, പാനൂർ നഗരസഭാ സംഘാടക സമിതി ചെയർമാൻ എം.ടി.കെ.ബാബു, നഗരസഭ സെക്രട്ടറി എ.പ്രവീൺ, സൂപ്രണ്ട് പി.ശ്രീജൻ എന്നിവരും പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.