ആലപ്പുഴ:മാരാരിക്കുളം ബീച്ചില്‍ കടലില്‍ മുങ്ങിത്താണ് മരണത്തിന്റെ വക്കിലെത്തിയ യുവതിയെ കോസ്റ്റല്‍ പോലീസും കോസ്റ്റല്‍ വാര്‍ഡന്മാരും ചേര്‍ന്ന് രക്ഷിച്ചു. ബംഗാള്‍ സ്വദേശിയും ബംഗളൂരുവില്‍ ഐടി പ്രൊഫഷണലുമായ യുവതി തീരത്തുനിന്ന് 20 മീറ്റര്‍ ഉള്ളിലായി കടലില്‍ കുളിക്കവേ മുങ്ങിത്താഴുകയായിരുന്നു. ബീച്ചില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോസ്റ്റല്‍ പൊലീസും വാര്‍ഡന്മാരും ചേര്‍ന്ന് സാഹസികമായാണ് യുവതിയെ രക്ഷിച്ചത്. വെള്ളത്തില്‍ ബോധരഹിതയായി കമിഴ്ന്നു കിടന്ന യുവതിയെ കരയ്ക്കെത്തിച്ച് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കി. ബോധം തിരിച്ചുകിട്ടിയതോടെ ആംബുലന്‍സില്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.ഇത് തന്റെ രണ്ടാം ജന്മമാണെന്നു പറഞ്ഞ യുവതി, കോസ്റ്റല്‍ പൊലീസിനും വാര്‍ഡന്മാര്‍ക്കും നന്ദി അറിയിച്ചു. ഗ്രേഡ് എസ്‌ഐ ആല്‍ബര്‍ട്ട് , സിപിഒ വിപിന്‍ വിജയ്, കോസ്റ്റല്‍ വാര്‍ഡന്മാരായ സൈറസ്,ജെറോം, മാര്‍ഷല്‍, ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ രക്ഷിച്ചത്.