Latest News From Kannur

നെടുങ്കണ്ടം- കമ്പം പാതയില്‍ മണ്ണിടിച്ചില്‍; ഭാരവാഹനങ്ങള്‍ക്ക് വിലക്ക്

0

കുമളി: നെടുങ്കണ്ടം- കമ്പം അന്തര്‍ സംസ്ഥാന പാതയില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലര്‍ച്ചയോടെ തമിഴ്‌നാടിന്റെ പ്രദേശത്ത് ശാസ്തവളവ് ഭാഗത്താണ് വന്‍ മണ്ണിടിച്ചില്‍ ഉണ്ടായത്.

മേഖലയില്‍ കഴിഞ്ഞദിവസം രാത്രിയില്‍ ശക്തമായ മഴയാണ് പെയ്തത്. തമിഴ്‌നാട്ടില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി അഞ്ച് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചത്. ചെറു വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്. ഭാരവാഹനങ്ങള്‍ രണ്ടുദിവസത്തേക്ക് പാതയിലൂടെ നിരോധിച്ചതായി തമിഴ്‌നാട് റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. അപകടാവസ്ഥയില്‍ വന്‍ പാറക്കഷണം നിലനില്‍ക്കുന്നതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചരക്ക് വാഹനങ്ങള്‍ നിലവില്‍ കുമളി വഴിയാണ് കടന്ന് പോകുന്നത്. ഇന്ന് പുലര്‍ച്ചെ മുതല്‍ അടച്ചിട്ട കമ്പംമെട്ട് ചെക്ക് പോസ്റ്റ് ചെറു വാഹനങ്ങള്‍ക്കായ് തുറന്നുകൊടുത്തിട്ടുണ്ട്.ഇന്ന് ദീപാവലിയായതിനാല്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുവാനുള്ള നിരവധി ആളുകളാണ് വഴിയില്‍ കുടുങ്ങിയത്. ശബരിമലയ്ക്ക് പോകുവാന്‍ അന്യസംസ്ഥാനത്തുനിന്നും വരുന്ന ഭക്തര്‍ കുമളിക്ക് പുറമേ ആശ്രയിക്കുന്ന പാത കൂടിയാണ് കമ്പംമെട്ട് – കമ്പം പാത. മണ്ഡലകാല സീസണ്‍ ആരംഭിക്കുവാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയുണ്ടായ ഗതാഗത തടസ്സം അടിയന്തരമായി നീക്കുവാനാണ് തമിഴ്‌നാട് പൊതുമരാമത്ത് അധികൃതരും ശ്രമിക്കുന്നത്.

Leave A Reply

Your email address will not be published.