പാനൂർ : പാനൂർ ഉപജില്ലാ കലോത്സവം നവംബർ 13 മുതൽ 16 വരെ നാല് ദിവസങ്ങളിലായി പി ആർ എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്നതിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പാനൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
എൺപതോളം സ്കൂളുകളിൽ നിന്നായി 4000 ത്തിലേറെ വിദ്യാർഥികൾ പങ്കെടുക്കുന്ന ഉപജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടനം നവംബർ 14 രാവിലെ 8.30 ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും .
കെ.പി മോഹനൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ .കെ മുരളീധരൻ എം.പി മുഖ്യാതിഥിയായി സംബന്ധിക്കും. ജനപ്രതിനിധികൾ, വിദ്യാഭ്യാസ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, പി.ടി.എ ,പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.
ലോഗോ രൂപകല്പന ചെയ്ത റിട്ട. പിണറായി ഗവ.എച്ച്.എസ്.എസ് ചിത്രകലാധ്യാപകൻ ചൊക്ലി സ്വദേശി ഗംഗാധരൻ മാസ്റ്റർക്കുള്ള ഉപഹാരം ഉദ്ഘാടന വേദിയിൽ വച്ച് മന്ത്രി നൽകും . പി.ആർ എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ 11വേദികളിലായാണ് 4 ദിവസത്തെ മത്സരങ്ങൾ നടക്കുക. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി സ്കൂളും പരിസരങ്ങളും പ്രധാന റോഡുകളും സി.സി ടി.വി നിരീക്ഷണത്തിലായിരിക്കും.സാംസ്കാരിക കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ13 ന് ചിത്രകലാധ്യാപകരും , വിദ്യാർത്ഥികളും ഒരുക്കുന്ന ആർട്ട് ഗാലറിയുടെ ഉദ്ഘാടനവും ” സാമൂഹ്യ പ്രശ്നങ്ങളിൽ ചിത്രകലയുടെ സ്വാധീനം ” എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയും പ്രമുഖ ചിത്രകാരനും കവിയുമായ സോമൻ കടലൂർ നിർവ്വഹിക്കും. 14 ന് ഭിന്ന ശേഷി വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ “ചിറക് ” ഉം 16 ന് നാട്ടിപ്പാട്ടും നടക്കും. സമാപന സമ്മേളനം 16 ന് വൈകുന്നേരം കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ഷീല ഉദ്ഘാടനം ചെയ്യും. എ.ഇ.ഒ ബൈജു കേളോത്ത് സമ്മാനദാനം നിർവഹിക്കും. പാനൂർ നടത്തിയ വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ലത , എ.ഇ.ഒ ബൈജു കേളോത്ത്,പ്രിൻസിപ്പൽ എം ശ്രീജ, എച്ച്.എം ,ടി.ടി രേഖ, പി.ടി.എ പ്രസിഡണ്ട് സമീർ പറമ്പത്ത്, പ്രോഗ്രാം കമ്മറ്റി കൺവീനർ കൃഷ്ണ മുരളി കെ. ഐ , പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ കെ.കെ സജീവ് കുമാർ, കൺവീനർ വത്സരാജ് മണലാട്ട് എന്നിവർ പങ്കെടുത്തു.