Latest News From Kannur

മാഹി പാലം അറ്റകുറ്റപ്പണി 19.33 ലക്ഷം അനുവദിച്ചു

0

മാഹി :  മാഹി പാലത്തിൻ്റെ അറ്റകുറ്റപ്പണി നടത്തുന്നതിന് 19.33 ലക്ഷം രൂപ അനുവദിച്ചതായും ടെണ്ടർ നടപടികൾ പുരോഗമിക്കുന്നതായും പ്രവൃത്തി ഉടനെ നടക്കുമെന്നുംഎൻ.എച്ച്.എ.ഐ. കോഴിക്കോട് ഓഫീസ്, കേരള പൊതുമരാമത്ത് ദേശീയപാതാ വിഭാഗത്തെ അറിയിച്ചു.മുഴപ്പിലങ്ങാട് മുതൽ മാഹി പാലം വരെ റീ ടാറിങ്ങ് പ്രവൃത്തി ചെയ്യുന്നതിന് 7.60 കോടി രൂപ അനുവദിച്ചതായും അറിയിച്ചു.
14.60 കോടി രൂപയുടെ എസ്റ്റിമേറ്റ് നൽകിയതിൽ 7.60 കോടി മാത്രമാണ് അനുവദിച്ചത്. മുഴുവൻ തുകയും അനുവദിക്കണമെന്ന് എൻ.എച്ച്.എ.ഐ.യോട് പൊതുമരാമത്ത് ദേശീയപാതാ വിഭാഗം വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.പൊതുമരാമത്ത് ദേശീയപാതാ വിഭാഗം കണ്ണൂർ എക്സിക്യൂട്ടീവ് എൻജിനിയറാണ് ഇക്കാര്യം ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചത്.മാഹിക്ക് പുതിയ പാലം നിർമ്മിക്കുന്നതിനായി സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (സി.ആർ.എഫ്.ഐ) 21 കോടി രൂപയുടെ പ്രപ്പോസൽ സമർപ്പിച്ചിട്ടുണ്ട്.കോഴിക്കോട്-കണ്ണൂർ ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുന്നതും മയ്യഴിയുടെ പ്രവേശന കവാടവുമായ മാഹി പാലത്തിൻ്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് നിലവിലുള്ള സ്ഥിതിയെന്താണെന്ന് അറിയിക്കണമെന്നാവശ്യപ്പെട്ട് കെ.മുരളീധരൻ എം.പിയുടെ പ്രതിനിധി എം.പി.അരവിന്ദാക്ഷൻ ജില്ലാ വികസന സമിതി യോഗത്തിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുഴപ്പിലങ്ങാട് – മാഹി പാലം വരെ താർ ചെയ്യുന്നതിന് മതിയായ തുക അനുവദിക്കണമെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിന് കെ.മുരളീധരൻ എം.പി.യുടെ സാന്നിധ്യത്തിൽ കേന്ദ്ര ദേശീയ പാതാ വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർക്കണമെന്ന് എം.പി. അരവിന്ദാക്ഷൻ ജില്ലാ കലക്ടറോട് അഭ്യർഥിച്ചു. പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അരുൺ കെ.വിജയൻ ഉറപ്പ് നൽകി.

Leave A Reply

Your email address will not be published.