കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 14 നിലകളിൽ ക്വാർട്ടേഴ്സ് സമുച്ചയം വരുന്നു. കിഴക്ക് ഭാഗത്തെ നിർദിഷ്ട റെയിൽവേ കോളനി സ്ഥലത്താണ് പണിയുന്നത്.
റെയിൽവേ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും വേണ്ടിയുള്ള 110 ക്വാർട്ടേഴ്സുകളാണ് നിർമിക്കുന്നത്. ഇതിന്റെ പൈലിങ് പ്രവൃത്തി തുടങ്ങി.
റെയിൽ ലാൻഡ് ഡിവലപ്‌മെന്റ് അതോറിറ്റിയുടെ (ആർഎൽഡിഎ) മേൽനോട്ടത്തിലാണ് പ്രവൃത്തി നടത്തുന്നത്. സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് 2.26 ഏക്കർ ഭൂമിയിലാണ് ക്വാർട്ടേഴ്സും ഓഫീസും ഒരു കുടക്കീഴിൽ വരുന്ന കോളനിപദ്ധതി വരുന്നത്.
ഇവിടെയുണ്ടായിരുന്ന പഴയ ക്വാർട്ടേഴ്‌സുകൾ പൊളിച്ച് മാറ്റിയിരുന്നു. ടെക്‌സ്വർത്ത് ഇന്റർനാഷണൽ എന്ന കമ്പനിക്കാണ് ആർഎൽഡിഎ നിർമാണ ടെൻഡർ നൽകിയത്.
കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് പിറകിലുള്ള റെയിൽവേ ക്വാർട്ടേഴ്‌സുകൾ, വിവിധ എൻജിനിയറിങ് ഓഫീസുകൾ ഉൾപ്പെടെ ഈ ഭാഗത്തേക്ക് വരും. 12,280 ചതുരശ്ര മീറ്ററാണ് കണ്ണൂരിലുള്ളത്. കോളനി റീ ഡിവലപ്മെന്റ് പദ്ധതിക്കായുള്ള പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയെ നേരത്തേ നിയമിച്ചിരുന്നു.
നിലവിൽ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗം 4.93 ഏക്കറിൽ ഷോപ്പിങ് സെന്റർ ഉൾപ്പെടെ വാണിജ്യ ആവശ്യങ്ങൾക്ക് സ്ഥലം പാട്ടത്തിന് നൽകിയിരുന്നു. ഇവിടെ ഉണ്ടായിരുന്ന പഴയ ക്വാർട്ടേഴ്സുകൾ പൊളിച്ചിരുന്നു. ജീവനക്കാരെ പടിഞ്ഞാറ് ഭാഗത്ത് പുതിയ ക്വാർട്ടേഴ്സ് കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.