കോഴിക്കോട് രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിൽ പുതുവർഷ ടോൾപിരിവ് തുടങ്ങും. ടോൾ നിരക്ക് നിശ്ചയിച്ചു. അടുത്തദിവസം വിജ്ഞാപനം പുറത്തിറങ്ങും.
വിജ്ഞാപനത്തിന് അംഗീകാരവുമായിട്ടുണ്ട്. പ്രസിദ്ധീകരിച്ചാൽ ജനുവരി ഒന്നിനുതന്നെ ടോൾപിരിവ് തുടങ്ങുമെന്നും അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു.
തിങ്കളാഴ്ച ട്രയൽ റൺ നടത്തും. പന്തീരാങ്കാവിനടുത്ത് കൂടത്തുംപാറയിലാണെങ്കിലും ഒളവണ്ണ ടോൾപ്ലാസ എന്ന പേരിലാണ് അറിയപ്പെടുക. പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലുള്ളവർക്ക് 340 രൂപയുടെ പാസ് എടുത്താൽ ഒരുമാസം മുഴുവൻ എത്രതവണ വേണമെങ്കിലും യാത്രചെയ്യാം. പാസ് തിങ്കളാഴ്ചമുതൽ ടോൾപ്ലാസയിൽനിന്ന് വിതരണംചെയ്യും. അതിനുള്ള രേഖകൾ ഹാജരാക്കണം. നാഷണൽ പെർമിറ്റ് അല്ലാത്ത കോഴിക്കോട് ജില്ലയിൽ രജിസ്റ്റർചെയ്ത കമേഴ്‌സ്യൽ വാഹനങ്ങൾക്കും ഇളവുണ്ട്.
മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഹുളി എന്ന കമ്പനിയാണ് ടോൾപിരിവ് നടത്തുന്നത്. മൂന്നുമാസത്തേക്കാണ് അവരെ നിയോഗിച്ചത്. അതുകഴിഞ്ഞാൽ പുതിയ ടെൻഡർ ക്ഷണിക്കും. അപ്പോൾ ടോൾ നിരക്കിലും മാറ്റംവരും. ഒരുവർഷത്തേക്കാണ് പുതിയ ടെൻഡർ നൽകുക.
ടോൾപ്ലാസയിൽ 24 മണിക്കൂറും ഡോക്ടറുൾപ്പെടെയുള്ള മെഡിക്കൽ സംഘത്തിന്റെ സേവനമുണ്ടാവും. രണ്ട് ആംബുലൻസുകൾക്കുപുറമേ വാഹനങ്ങൾ ബൈപ്പാസിൽ എവിടെയെങ്കിലും അപകടത്തിൽപ്പെട്ടാൽ താത്കാലിക അറ്റകുറ്റപ്പണി നടത്താനുള്ള വാഹനവും പ്‌ളാസയിലുണ്ട്.
വാഹനാപകടങ്ങളും മറ്റ് നിയമലംഘനങ്ങളും കണ്ടെത്താനുള്ള ക്യാമറകൾ പാതയിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. ടോൾപ്ലാസയിലാണ് അതിന്റെ കൺട്രോൾ റൂം.
വാഹനാപകടമുണ്ടായാൽ വിവരം കൺട്രോൾ റൂമിലെ മൊബൈൽ ആപ്പിൽ ലഭിക്കുന്ന വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. തലശ്ശേരി-മാഹി ബൈപ്പാസിൽ തിരുവങ്ങാടുമാത്രമാണ് ഇപ്പോൾ ടോൾപിരിവ് തുടങ്ങിയത്.
രാമനാട്ടുകര-കുറ്റിപ്പുറം റീച്ചിൽ വെട്ടിച്ചിറയിലും ടോൾപ്ലാസ സജ്ജമായിട്ടുണ്ട്. അഴിയൂർ-വെങ്ങളം റീച്ചിൽ അഴിയൂരിലാണ് ഈ മേഖലയിൽ മറ്റൊരു ടോൾപ്ലാസ വരുന്നത്.
കോഴിക്കോട് ബൈപ്പാസിൽ ആറുവരിപ്പാത പൂർണസജ്ജമായി നേരത്തേ തുറന്നുകൊടുത്തിട്ടുണ്ട്. മലാപ്പറമ്പിൽ രണ്ടാഴ്ചയ്ക്കകം സർവീസ് റോഡിന്റെ പണി പൂർത്തിയാക്കും. ഹൈലൈറ്റ് മാളിനും മെട്രോമെഡ് ആശുപത്രിക്കു സമീപത്തും സർവീസ് റോഡിന് സ്ഥലം വിട്ടുകിട്ടാനുണ്ട്. ഇതോടൊപ്പം ബൈപ്പാസിൽ പുഴയ്ക്കു കുറുകെയുള്ള നാലു പാലങ്ങളുടെ വീതികൂട്ടൽ പുരോഗമിക്കുന്നുണ്ട്.
മാമ്പുഴപ്പാലത്തിന്റെ പണി പൂർത്തിയായി. ഇനി സമീപ റോഡിന്റെ പ്രവൃത്തിമാത്രമേ ബാക്കിയുള്ളൂ. പുണെയിൽനിന്ന് ബീം നിർമിച്ചുകൊണ്ടുവന്ന് ഇവിടെ സ്ഥാപിക്കുകയാണ് ചെയ്യുന്നത്.
ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾക്കും മൂന്നുചക്രവാഹനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ടെന്ന് ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു.
പുഴയ്ക്കു കുറുകെയുള്ള ഭാഗങ്ങളിൽ സർവീസ് റോഡുകളില്ല. അത്തരം സ്ഥലങ്ങളിൽമാത്രമേ ആറുവരിപ്പാതയിലേക്ക് ഇരുചക്രവാഹനങ്ങളും മൂന്നുചക്രവാഹനങ്ങളും പ്രവേശിക്കാവൂ.ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും അതിവേഗപാതയിലൂടെ പോവുന്നത് വാഹനാപകടത്തിനിടയാക്കുന്നുണ്ടെന്ന് എൻഎച്ച്എഐ അധികൃതർ പറഞ്ഞു.