Latest News From Kannur

10.5 കോടി രൂപയുടെ പദ്ധതികള്‍ അഴീക്കോടെ വിദ്യാലയങ്ങള്‍ക്ക് മികവിന്റെ അഴകേകാന്‍ ‘മഴവില്ല്’

0

കണ്ണൂർ : അഴീക്കോട് മണ്ഡലത്തിലെ വിദ്യാലയങ്ങള്‍ ഇനി മികവിന്റെ ഏഴഴകാല്‍ തിളങ്ങും. ‘മഴവില്ല്’ സമഗ്ര വിദ്യാഭ്യാസ പരിപാടിയിലൂടെയാണ് അഞ്ചു വര്‍ഷം കൊണ്ട് മണ്ഡലത്തിലെ വിദ്യാലയങ്ങളെ ആധുനികവും സാങ്കേതികവുമായി വികസിപ്പിക്കുക.
സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായി 72 സ്‌കൂളുകളാണ് മണ്ഡലത്തിലുള്ളത്. 10.5 കോടി രൂപ ചെലവിൽ ഇതിന്റെ ഭൗതീകവും അക്കാദമികവും സാമൂഹ്യവുമായ വികസനമാണ് ലക്ഷ്യം. ഇതിനായി മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കും. വിദ്യാഭ്യാസം, വിദ്യാലയം, പൊതുസമൂഹം, പാഠ്യപദ്ധതി എന്നിവയോട് പ്രതിബദ്ധതയുള്ള വിദ്യാലയ സമൂഹത്തെ സൃഷ്ടിക്കും. ഫലപ്രദവും പ്രായോഗികവുമായ അനുഭവങ്ങള്‍ക്കായി ലൈബ്രറികളും ലാബോറട്ടറികളും സജ്ജമാക്കും. വിദ്യാലയങ്ങളിൽ നിന്ന് പ്ലാസ്റ്റിക്കും ലഹരിയും തുടച്ച് നീക്കും. വിദ്യാലയങ്ങള്‍ക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടാക്കുകയും മുഴുവന്‍ ക്ലാസ്മുറികളും സ്മാര്‍ട്ടാക്കുകയും ചെയ്യും. കലാകായിക മേളയില്‍ മികവ് തെളിയിക്കാനുഉള്ള പരിശീലനം നല്‍കും. വിദ്യാലയ പരിസരം പൂര്‍ണ്ണമായി പരിസ്ഥിതി സൗഹൃദമാക്കുകയും കുട്ടികളില്‍ പാരിസ്ഥിതികാവബോധം സൃഷ്ടിക്കുകയും ചെയ്യും. ക്ലാസ് മുറിയെ ജനാധിപത്യവല്‍ക്കരിക്കും. ഉദ്യാനങ്ങളും കളിക്കളങ്ങളും ഒരുക്കുന്നതിനൊപ്പം ഭാഷാനൈപുണിയും ഗണിതശേഷിയും വികസിപ്പിക്കും. ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കാന്‍ സമഗ്രമായ ആരോഗ്യ പോഷകാഹാര പരിപാടികളും സംഘടിപ്പിക്കും. ഭിന്നശേഷി കുട്ടികളുടെ തൊഴില്‍പരമായ നൈപുണി വളര്‍ത്തിയെടുക്കും.
സര്‍ക്കാര്‍, എം എല്‍ എ, എല്‍ എസ് ജി, പി ടി എ, സ്‌പോണ്‍സര്‍ഷിപ്പ്, സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍ തുടങ്ങിയവയിലൂടെ ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് പ്രവര്‍ത്തനം നടത്തുക.
മണ്ഡല തലത്തില്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ മോണിറ്ററിങ് സമിതി, പഞ്ചായത്ത് തലത്തില്‍ ഉപസമിതി, സബ്ജില്ലാതല വിദ്യാഭ്യാസ സമിതി, വിദ്യാലയങ്ങളിലെ വിദ്യാഭ്യാസ വികസന സമിതി എന്നിവയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.

Leave A Reply

Your email address will not be published.