തിരുവനന്തപുരം: മാനന്തവാടി ജീപ്പ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗതീരുമാനം. കണ്ണോത്തുമലയിലെ ജീപ്പ് അപകടത്തില്‍ 9 പേരാണ് മരിച്ചത്. തോട്ടം തൊഴിലാളികളായിരുന്നു മരിച്ചവരെല്ലാം. മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 10,000 രൂപ വീതം കലക്ടര്‍ അനുവദിച്ചിരുന്നു. ഓഗസ്റ്റ് 25ന് വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം.പണി കഴിഞ്ഞ് തൊഴിലാളികളുമായി മടങ്ങുകയായിരുന്ന ജീപ്പാണ് കൊടുംവളവില്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപം മക്കിമല എസ്‌റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചത്. തലപ്പുഴ മക്കിമല ആറാം നമ്പര്‍ കോളനിയിലെ കൂളന്‍തൊടിയില്‍ സത്യന്റെ ഭാര്യ ലീല (42), കൂക്കോട്ടില്‍ ബാലന്റെ ഭാര്യ ശോഭന (54), കാപ്പില്‍ മമ്മുവിന്റെ ഭാര്യ റാബിയ (55), പത്മനാഭന്റെ ഭാര്യ ശാന്ത (50), പത്മനാഭന്റെ മകള്‍ ചിത്ര (28), വേലായുധന്റെ ഭാര്യ കാര്‍ത്യായനി (62), പഞ്ചമിയില്‍ പ്രമോദിന്റെ ഭാര്യ ഷജ (42), ചന്ദ്രന്റെ ഭാര്യ ചിന്നമ്മ (55), തങ്കരാജിന്റെ ഭാര്യ റാണി (57) എന്നിവരാണ് മരിച്ച തൊഴിലാളികള്‍.