Latest News From Kannur

‘വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ല, വിനായകന്റേത് ​ഗംഭീര പ്രകടനം’: പ്രശംസിച്ച് രജനീകാന്ത്

0

ജനീകാന്തിന്റെ ജയിലർ ബോക്സ് ഓഫിസിൽ വൻ തരം​ഗമാണ് സൃഷ്ടിച്ചത്. 600 കോടിക്ക് മുകളിലായിരുന്നു ചിത്രത്തിന്റെ കളക്ഷൻ. ചിത്രത്തിന്റെ സൂപ്പർ‌വിജയം നിർമാതാക്കൾ വമ്പൻ ആഘോഷമാക്കിയിരുന്നു. രജനീകാന്ത് ഉൾപ്പടെയുള്ള താരങ്ങളും അണിയറ പ്രവർത്തകരുമെല്ലാം പരിപാടിയിൽ പങ്കെടുത്തു. എന്നാൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച വിനായകൻ ചടങ്ങിന് എത്തിയിരുന്നില്ല. വിനായകനെ പ്രശംസിച്ചുകൊണ്ട് രജനീകാന്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. വർമാൻ ഇല്ലെങ്കിൽ ജയിലർ ഇല്ല എന്നാണ് രജനീകാന്ത് പറഞ്ഞത്. വിനായകൻ ​ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഷോലെയിലെ ​ഗബ്ബർ സിങ്ങിനെ പോലെ വർമനും സെൻസേഷനാകുമെന്ന് സംവിധായകൻ നെൽസനോട് പറഞ്ഞിരുന്നതായും രജനി വ്യക്തമാക്കി.

‘ജയിലർ ചെയ്തുകൊണ്ടിരുന്നപ്പോൾ നെൽസണോട് ഷോലയിലെ ഗബ്ബർ സിങ് എന്ന കഥാപാത്രത്തെക്കുറിച്ച് ഞാൻ പറയുമായിരുന്നു. നെൽസൺ ഷോലെ കണ്ടിട്ടില്ല. ആ സിനിമ ഞാൻ കാണിച്ചുകൊടുത്തു. ഗബ്ബർ സിങ് എങ്ങനെയായിരുന്നുവെന്നും ആ കാലഘട്ടത്തിൽ സെൻസേഷനായിരുന്നതുമൊക്കെ പറഞ്ഞു കൊടുത്തു. അതുപോലെ വർമനും സെൻസേഷനാകുമെന്ന് ഞാൻ പറഞ്ഞു. വിനായകൻ ഇവിടെ വിജയാഘോഷത്തിനു വന്നിട്ടില്ല. സൂപ്പർ പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. രാവണൻ ഉള്ളത് കൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും ലഭിച്ചത്. അതുപോലെയാണ് ജയിലറിൽ വർമനും. വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ല. ഗംഭീര പ്രകടനമാണ് വിനായകൻ കാഴ്ചവച്ചത്.’–രജനികാന്ത് പറഞ്ഞു.

ടൈ​ഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് ജയിലറിൽ രജനീകാന്ത് എത്തിയത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ‘ജയിലർ’ നെൽസൻ ദിലീപ് കുമാറാണ് സംവിധാനം ചെയ്തത്. ചിത്രത്തിലെ മോഹൻലാലിന്റെ അതിഥി വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

Leave A Reply

Your email address will not be published.