‘ശുദ്ധി തീര്‍ത്തും ആത്മീയം, പൂജ കഴിയുന്നതു വരെ പൂജാരി ആരെയും സ്പര്‍ശിക്കില്ല; ചര്‍ച്ചയില്‍ ദുഷ്ടലാക്ക്’
തിരുവനന്തപുരം: ക്ഷേത്രത്തില്‍ വെച്ച് ജാതി വിവേചനം നേരിട്ടെന്ന മന്ത്രി കെ രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരെ അഖില കേരള തന്ത്രി സമാജവും അഖില കേരള ശാന്തി ക്ഷേമ യൂണിയനും. മന്ത്രിയുടെ വിമര്‍ശനം തെറ്റിദ്ധാരണ മൂലമാണ്. ക്ഷേത്രത്തിലെത്തുന്ന പൂജാരി ശുദ്ധി നിലനിര്‍ത്താന്‍ മറ്റുള്ളവരെ സ്പര്‍ശിക്കരുത്. ഇതിന് ഉച്ചനീചത്വമോ ജാതി വിവേചനവുമായോ ബന്ധമില്ലെന്ന് അഖില കേരള ശാന്തി ക്ഷേമ യൂണിയന്‍ വ്യക്തമാക്കി.മന്ത്രി രാധാകൃഷ്ണന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് അഖില കേരള തന്ത്രി സമാജം പുറത്തിറക്കിയ വാർത്താക്കുറിപ്പിലും പറയുന്നു. പൂജയ്ക്കായി ക്ഷേത്രത്തിലെത്തുന്ന പൂജാരി, ദേവ പൂജ കഴിയുന്നത് വരെ ആരെയും സ്പർശിക്കാറില്ല. അത് ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ ഭേദമില്ല. ഇപ്പോൾ വിവാദമായ ഈ ക്ഷേത്രത്തിലും സംഭവിച്ചിട്ടുള്ളത് ഇത് തന്നെയാണെന്നും വാർത്താകുറിപ്പിൽ അറിയിച്ചു.